സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ളവരുടെ മൂന്നാം ഘട്ട വിവരങ്ങള്‍ ഇന്ത്യക്ക് ലഭിച്ചു

ന്യൂഡല്‍ഹി: സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ളവരുടെ മൂന്നാം ഘട്ട വിവരങ്ങള്‍ സ്വിറ്റ്‌സര്‍ലന്റില്‍ നിന്ന് ഇന്ത്യക്ക് കിട്ടി. 96 രാജ്യങ്ങളിലായുള്ള 33 ലക്ഷം ധനകാര്യ അക്കൗണ്ടുകളുടെ രേഖകളാണ് സ്വിറ്റ്‌സര്‍ലന്റ് കൈമാറിയത്. ഇത്തവണത്തെ രേഖാ കൈമാറ്റം പത്ത് രാജ്യങ്ങള്‍ക്ക് കൂടിയുള്ളതാണെന്ന് സ്വിറ്റ്‌സര്‍ലന്റിലെ ദ ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.

ആന്റിഗ്വ ആന്റ് ബര്‍ബുഡ, അസര്‍ബൈജാന്‍, ഡൊമിനിക, ഘാന, ലെബനന്‍, മക്കാവു, പാക്കിസ്ഥാന്‍, ഖത്തര്‍, സമോവ വൗതു എന്നിവിടങ്ങളാണ് പുതിയ ഘട്ട വിവരങ്ങള്‍ കിട്ടിയ രാജ്യങ്ങള്‍. കഴിഞ്ഞ മാസമാണ് വിവരങ്ങള്‍ കൈമാറിയത്. 2019 സെപ്തംബറിലാണ് ഇന്ത്യയ്ക്ക് ആദ്യഘട്ട വിവരങ്ങള്‍ കിട്ടിയത്. അതില്‍ 75 രാജ്യങ്ങള്‍ക്കാണ് അന്ന് വിവരങ്ങള്‍ കൈമാറിയത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 86 രാജ്യങ്ങള്‍ക്ക് സ്വിറ്റ്‌സര്‍ലന്റ് വിവരങ്ങള്‍ കൈമാറിയപ്പോഴും ഇന്ത്യക്കാരുടെ വിവരങ്ങള്‍ രാജ്യത്തിന് കിട്ടി. ഇക്കുറി 96 രാജ്യങ്ങള്‍ക്കാണ് വിവരം കൈമാറിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്വിറ്റ്‌സര്‍ലന്റ് രേഖകള്‍ കൈമാറിയ പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ വിവരങ്ങളില്‍ ഉള്‍പ്പെട്ട പേരുകാര്‍ മുമ്പേ തങ്ങളുടെ ആസ്തി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന് സഹായകരമാകും.

Top