അഫ്ഗാനിസ്ഥാനിലെ സ്ഥിതിയില്‍ കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: യുഎന്‍ രക്ഷാസമിതിയില്‍ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും ഐഎസ് ഇന്ത്യയുടെ അയല്‍പക്കത്ത് വരെ എത്തിയെന്നും രക്ഷാ സമിതിയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ആശങ്കയറിയിച്ചു. ഭീകരര്‍ക്ക് താവളമൊരുക്കുന്ന രാജ്യങ്ങള്‍ക്കെതിരേ നടപടി വേണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി എന്ന വിഷയത്തില്‍ യുഎന്‍ രക്ഷാ സമിതി സംഘടിപ്പിച്ച ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താലിബാല്‍ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ സ്ഥിതിയില്‍ കടുത്ത ആശങ്ക അറിയിച്ച ഇന്ത്യ, ജെയിഷെ ഇ മുഹമ്മദും ലഷ്‌ക്കര്‍ ഇ- ത്വയിബയും അഫ്ഗാനിസ്ഥാനിലും സജീവമാണെന്നും രക്ഷാസമിതിയെ അറിയിച്ചു. അഫ്ഗാനിലെ നിരോധിത സംഘടനയായ ഹഖാനിയുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണ്. എല്ലാ തരത്തിലുള്ള ഭീകരതെയും നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യറാകണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു.

‘ഭീകരവാദത്തെ ന്യായീകരിക്കരുത്. കൊവിഡ് പോലെ എല്ലാവരെയും ബാധിക്കുന്നതാണ് ഭീകരവാദം. എന്നാല്‍ ചില രാജ്യങ്ങളുടെ നിലപാട് അതിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. പാകിസ്ഥാനെ കടന്നാക്രമിച്ച വിദേശകാര്യമന്ത്രി, ഭീകരര്‍ക്ക് ചിലര്‍ സുരക്ഷിത താവളം ഒരുക്കുന്നുണ്ടെന്നും വിമര്‍ശിച്ചു.

 

Top