അറബിക്കടല്‍ മുതല്‍ ഏദന്‍ ഉള്‍ക്കടല്‍ വരെ പത്തിലധികം മുന്‍നിര യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ

ടക്കന്‍, മധ്യ അറബിക്കടല്‍ മുതല്‍ ഏദന്‍ ഉള്‍ക്കടല്‍ വരെ വ്യാപിച്ചുകിടക്കുന്ന മേഖലയില്‍ പത്തിലധികം മുന്‍നിര യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ. മറൈന്‍ കമാന്‍ഡോകളുമായാണ് കപ്പലുകള്‍ വിന്യസിച്ചിട്ടുള്ളത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി സുരക്ഷിതമാക്കുക, കടല്‍ക്കൊള്ളക്കാരുടെ ഭീഷണി തടയുക ഡ്രോണ്‍ ആക്രമണങ്ങളും തടയുക എന്നിവയാണ് നാവിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യങ്ങള്‍. ഇന്ത്യ സ്വതന്ത്രമായാണ് ഈ സമുദ്ര സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നത്.

ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് മോര്‍മുഗാവോ തുടങ്ങിയ ഗൈഡഡ്-മിസൈല്‍ ഡിസ്‌ട്രോയറുകളും ഐഎന്‍എസ് തല്‍വാര്‍, ഐഎന്‍എസ് തര്‍കാഷ് തുടങ്ങിയ മള്‍ട്ടി-റോള്‍ ഫ്രിഗേറ്റുകളും ഉള്‍പ്പെട്ടതാണ് സേനാ വിന്യാസം. നാവികസേനയും കോസ്റ്റ് ഗാര്‍ഡും നിരീക്ഷണവും ഏകോപിപ്പിക്കുന്നുണ്ട്.പി-8I ദീര്‍ഘദൂര സമുദ്ര പട്രോളിംഗ് വിമാനങ്ങളും MQ-9B സീ ഗാര്‍ഡിയന്‍ ഡ്രോണുകളും ഉപയോഗിച്ചാണ് പതിവ് ഐഎസ്ആര്‍ (ഇന്റലിജന്‍സ്, നിരീക്ഷണം, രഹസ്യാന്വേഷണം) ദൗത്യങ്ങള്‍ നടത്തുന്നത്. ഇവ രണ്ടും പടിഞ്ഞാറന്‍ തീരത്ത് നിന്ന് ഇലക്ട്രോ-ഒപ്റ്റിക് & അഡ്വാന്‍സ്ഡ് സെന്‍സറുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന റെസല്യൂഷന്‍ ഇമേജറിയുടെ ‘ലൈവ് ഫീഡുകള്‍’ നല്‍കാന്‍ കഴിവുള്ളവയാണ്.

ഡിസംബറില്‍ ചെങ്കടലില്‍ യുഎസ് നേതൃത്വത്തില്‍ ആരംഭിച്ച ബഹുരാഷ്ട്ര ‘ഓപ്പറേഷന്‍ പ്രോസ്പിരിറ്റി ഗാര്‍ഡിയനില്‍’ ചേരുന്നതില്‍ നിന്ന് ഇന്ത്യ നേരത്തെ വിട്ട് നിന്നിരുന്നു. യെമനിലെ ഹൂതി വിമതര്‍ സിവിലിയന്‍മാര്‍ക്കും സൈനിക കപ്പലുകള്‍ക്കുമെതിരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അമേരിക്കയുടെ നീക്കം.

Top