വൈദ്യത വാഹനങ്ങള്‍ക്ക് ആവശ്യമായ ലിഥിയം-ഇയോണ്‍ ബാറ്ററികളുടെ ഉത്പാദനം ആരംഭിക്കാനൊരുങ്ങി ഇന്ത്യ

battery

ന്യൂഡല്‍ഹി : 2030ഓടെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്കാവശ്യമായ ലിഥിയം-ഇയോണ്‍ ബാറ്ററികളുടെ ഉത്പാദനം ആരംഭിക്കാനൊരുങ്ങി ഇന്ത്യ. നിലവില്‍ ലിഥിയം-ഇയോണ്‍ ബാറ്ററി ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ഇതിനാവശ്യമായ സാങ്കേതികവിദ്യ കൈമാറുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെന്‍ട്രല്‍ ഇലക്‌ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (സി.ഇ.സി.ആര്‍.ഐ.) റാസി സോളാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ ധാരണയിലെത്തി. ധാരണപ്രകാരം റാസി ഗ്രൂപ്പ്, സി.ഇ.സി.ആര്‍.ഐ.ക്ക് ബാറ്ററികളുടെ നിര്‍മാണത്തിനാവശ്യമായ സൗകര്യങ്ങള്‍ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഒരുക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം രാജ്യത്താദ്യമായാണ് ഇത്തരമൊരു ധാരണാപത്രം ഒപ്പുവയ്ക്കുന്നത്.

ലിഥിയം-ഇയോണ്‍ ബാറ്ററികള്‍ തദ്ദേശീയമായി രാജ്യത്ത് നിര്‍മിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ഇന്‍ഡസ്ട്രിയല്‍ കൗണ്‍സില്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍.) ശാസ്ത്രജ്ഞര്‍ തമിഴ്‌നാട്ടില്‍ വികസിപ്പിച്ചിരുന്നു.

ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് പ്രധാനമായും ഇന്ത്യ ലിഥിയം-ഇയോണ്‍ ബാറ്ററികള്‍ ഇറക്കുമതി ചെയ്തിരുന്നത്. 2017 ല്‍ മാത്രം 15 കോടി ഡോളറിന്റെ ഇറക്കുമതി നടന്നതായാണ് വിവരം.

Top