ഇന്ത്യയില്‍ നിന്ന് ഹാജിമാര്‍ എത്തിത്തുടങ്ങിയതോടെ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ സേവനം ആരംഭിച്ചു

സൗദി : ഹാജിമാര്‍ എത്തിത്തുടങ്ങിയതോടെ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ സേവനം ലഭ്യമായിത്തുടങ്ങി. ഭൂരിഭാഗം സേവനങ്ങളും ഈ വര്‍ഷം ഇ- ട്രാക്കിംഗ് സംവിധാനത്തിലാണ്. മദീനയില്‍ എയര്‍പോര്‍ട്ട് മുതല്‍ സേവനം ആരംഭിച്ചട്ടുണ്ട്.മദീനയിലേക്കാണ് ഈ മാസം 28 വരെ ഇന്ത്യന്‍ ഹാജിമാര്‍ എത്തുന്നത്.

29 മുതല്‍ ജിദ്ദയിലേക്കും മദീനയിലേക്കും ഒരു പോലെ തീര്‍ഥാടകര്‍ പ്രവഹിക്കും. എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന് മുമ്പായി ഹാജിമാരുടെ ആരോഗ്യ കാര്‍ഡ് പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയവരാണെന്ന് ഉറപ്പു വരുത്തുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലാണ് ഈ നടപടി തുടങ്ങിയിരിക്കുന്നത്. കുത്തിവെപ്പ് ആവശ്യമായവര്‍ക്ക് വിമാനത്താവളത്തില്‍ നിന്നും കുത്തിവെയ്പ്പ് എടക്കും. ഇത് കഴിഞ്ഞാല്‍ പിന്നെ ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴിലാണ് ഹാജിമാര്‍ക്ക് സമഗ്ര സേവനം ലഭ്യമാകുന്നത്.

എയര്‍പോര്‍ട്ടില്‍ സജ്ജീകരിച്ച ബസില്‍ ഇവരെ താമസസ്ഥലത്തേക്ക് കൊണ്ടു പോകും. ഹജ്ജ് മിഷന്‍ ജീവനക്കാര്‍ തീര്‍ഥാടകരുടെ എണ്ണവും അവരുടെ സേവനവും ഉറപ്പു വരുത്തുന്നുണ്ട്. ബാര്‍കോഡ് വഴി തീര്‍ഥാടകരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ അറിയാം. ഇതിന്റെ ചുവടു പിടിച്ച് മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനാക്കി കഴിഞ്ഞു. ഇന്ത്യന്‍ ഹാജി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന മൊബൈല്‍ ആപ്ലിക്കേഷനും പരിഷ്‌കരിച്ചു. ഇത്തവണ ചികിത്സക്കുള്ള ടിക്കറ്റ് വിതരണവും മരുന്ന് വിതരണവും ഓണ്‍ലൈനായാണ് ക്രമീകരിച്ചിരിക്കുന്നത്.

മദീനയിലെ ഹജ്ജ് മിഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് ചികിത്സക്കായി ഡിസ്പന്‍സറിയും സജ്ജമാണ്. മലയാളി വോളന്റിയര്‍മാരുടെ സഹായം കൂടിയുള്ളതിനാല്‍ സേവനം മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘമുള്ളത്.

Top