ബിബിസി ഡോക്യുമെന്ററി വിവാദം; ബ്രിട്ടനെ കടുത്ത എതിർപ്പറിയിക്കാൻ ഇന്ത്യ

ഡൽഹി: ബിബിസി ഡോക്യുമെന്ററി വിവാദം മുറുകുമ്പോൾ ബ്രിട്ടനെ ശക്തമായ പ്രതിഷേധമറിയിക്കാൻ ഇന്ത്യ. ജനാധിപത്യ സർക്കാറിനെയും പാർലമെന്റിനെയും അവഹേളിക്കുന്നതാണ് ബിബിസിയുടെ നടപടിയെന്ന് കേന്ദ്രസർക്കാർ ബ്രിട്ടനെ ഔദ്യോഗികമായി അറിയിക്കും. അതേസമയം ഡോക്യുമെന്ററി ഇന്ത്യയിൽ സംപ്രേഷണം ചെയ്യാൻ നിലവിൽ ആലോചനയില്ലെന്ന് ബിബിസി അറിയിച്ചു.

തെരഞ്ഞെടുപ്പടുക്കവേ ബിബിസി ഡോക്യമെന്ററി ആഗോള തലത്തിൽ തന്നെ മോദി സർക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കാൻ ഉന്നമിട്ടുള്ളതാണെന്നും കേന്ദ്രസർക്കാർ കരുതുന്നു. ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ പ്രമുഖരും ഇതിനോടകം സർക്കാറിനെയും ബിബിസിയെയും കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. യുകെ പാർലമെന്റംഗവും വ്യവസായിയുമായ ലോർഡ് റാമി റേഞ്ചറാണ് ബിബിസി ഡയറക്ടർ ജനറൽ ടിം ഡെയ്വിന് കത്തയച്ചത്. ജി20യുടെ പശ്ചാത്തലത്തിൽ ഇന്ത്യയും ബ്രിട്ടനും നിർണായ ചർച്ചകൾക്ക് തുടക്കമിടാനിരിക്കെ പുറത്തുവന്ന ഡോക്യുമെന്ററി വ്യാപാര ബന്ധങ്ങളെയടക്കം ബാധിക്കുമെന്ന് കത്തിൽ ആരോപിക്കുന്നു.

അതേസമയം ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച യുകെയിൽ സംപ്രേഷണം ചെയ്യും. അധികാരം നിലനി‌ർത്താൻ നരേന്ദ്രമോദി സർക്കാർ സ്വീകരിച്ച മുസ്ലീം വിരുദ്ദ നിലപാടുകളെ കുറിച്ചാണ് രണ്ടാംഭാഗം എന്ന് ബിബിസി വ്യക്തമാക്കുന്നു.

Top