പന്ത്രണ്ട് മിറാഷ് വിമാനങ്ങള്‍, 21മിനിറ്റ്, തിരിച്ചടിച്ച് ഇന്ത്യ; മോദി യോഗം വിളിച്ചു

ന്യൂഡല്‍ഹി: പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദിന്റെ മൂന്നിലേറെ ഭീകരതാവളങ്ങള്‍ തകര്‍ന്നു. മുന്നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ദൗത്യത്തിന് ഇന്ത്യ ഉപയോഗിച്ചത് മിറാഷ് യുദ്ധവിമാനങ്ങളാണ്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളില്‍ വര്‍ഷിച്ചത്. മിറാഷ് വിമാനങ്ങള്‍ 21 മിനിറ്റു നേരം ബലാകോട്ടിനു മുകളിലൂടെ പറന്ന് ആക്രമണം നടത്തി തിരിച്ചുവന്നു. ഇന്ത്യന്‍ മിന്നലാക്രമണം നൂറുശതമാനം വിജയമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ഇതു ആദ്യമായാണ് വ്യോമസേന ആക്രമണത്തിന് മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഉപയോഗിക്കുന്നത് എന്നാല്‍, ഇക്കാര്യത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇന്ത്യയുടെ തിരിച്ചടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ മന്ത്രിമാര്‍ ഇന്ന് യോഗം ചേരും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നത്.

അതേസമയം പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഇസ്ലാമാബാദില്‍ അടിയന്തര യോഗം വിളിച്ചെന്ന് റേഡിയോ പാക്കിസ്ഥാനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സ്ഥിതിഗതികളാണ് ചര്‍ച്ച ചെയ്യുകയെന്നാണ് വിവരം.

Top