നിങ്ങളെ പോലെയല്ല, ഇവിടെ എല്ലാ വിശ്വാസങ്ങളും ബഹുമാനിക്കപ്പെടും; പാകിസ്ഥാന് ഇന്ത്യയുടെ മാസ് മറുപടി

india---pak

ന്ത്യന്‍ സുപ്രീംകോടതി അയോധ്യ കേസില്‍ പുറപ്പെടുവിച്ച ചരിത്രപരമായ വിധിയ്‌ക്കെതിരെ പരാമര്‍ശം ഉന്നയിച്ച പാകിസ്ഥാന് ഇന്ത്യയുടെ ഉചിതമായ മറുപടി. രാമജന്മഭൂമി, ബാബറി മസ്ജിദ് ഭൂമിതര്‍ക്ക വിഷയത്തില്‍ പരമോന്നത കോടതി പുറപ്പെടുവിച്ച വിധി എല്ലാ വിശ്വാസങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നതിന് തുല്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി. അയല്‍രാഷ്ട്രത്തിന് ഒട്ടും പരിചിതമായ കാര്യവുമല്ല ഇതെന്ന് ഇന്ത്യ ചൂണ്ടിക്കാണിച്ചു.

വ്യാജമായി സൃഷ്ടിച്ച നുണകളിലൂടെ ഇന്ത്യയെ അപമാനിക്കാനുള്ള പാകിസ്ഥാന്റെ അപക്വമായ പ്രചരണങ്ങള്‍ തള്ളുകയാണെന്ന് 40ാമത് യുനെസ്‌കോ ജനറല്‍ കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയുടെ സുപ്രീംകോടതി നല്‍കിയ വിധിയില്‍ പാകിസ്ഥാന്‍ അനാവശ്യമായി അഭിപ്രായം പറയുന്നതിനെ അപലപിക്കുന്നതായും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

‘വിധി നിയമപരമായ വിഷയമാണ്. എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതാണ്. ഇതെല്ലാം പാകിസ്ഥാന് പരിചയമില്ലാത്ത കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ പാകിസ്ഥാന്റെ ധാരണയില്ലായ്മയില്‍ അതിശയമില്ല. എന്നാലും ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞ് വിദ്വേഷം പരത്താനുള്ള ശ്രമങ്ങള്‍ അപലപിക്കപ്പെടും’, ഉദ്യോഗസ്ഥ വ്യക്തമാക്കി.

അയോധ്യവിധി നിരാശാജനകമെന്നാണ് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അഭിപ്രായപ്പെട്ടത്. കര്‍താന്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന്റെ സമയത്തെ സന്തോഷം കെടുത്തുന്ന വിധി അല്‍പ്പം നീട്ടിവെയ്ക്കാമായിരുന്നുവെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് നേരത്തെ തന്നെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Top