ഇംഗ്ലണ്ടിനെതിരായ ജയം കേരളത്തിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് വിരാട് കൊഹ്‌ലി

viratkohli

നോട്ടിംഗ്ഹാം : മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ ജയം കേരളത്തിലെ പ്രളയബാധിതരായ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കൊഹ്‌ലി. മത്സരശേഷം നടന്ന ചടങ്ങിലാണ് തങ്ങളുടെ ജയം കേരളത്തിലെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതായി കൊഹ്‌ലി പറഞ്ഞത്.

അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് പിന്നിലായിരുന്നു. എന്നാല്‍ ശക്തമായ തിരിച്ചു വരാനാവും എന്ന വിശ്വാസം തങ്ങള്‍ക്കുണ്ടായിരുന്നു എന്ന് ക്യാപ്റ്റന്‍ പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളില്‍ ലോര്‍ഡ്‌സില്‍ മാത്രമാണ് നമ്മള്‍ സമ്പൂര്‍ണമായും കീഴടങ്ങിയത്. അതുകൊണ്ടു തന്നെ ഈ മത്സരത്തിനിറങ്ങുമ്പോള്‍ മികച്ച സ്‌കോര്‍ കുറിക്കുക എന്നത് പ്രധാനമായിരുന്നു കൊഹ്‌ലി വ്യക്തമാക്കി.

ബൗളര്‍മാര്‍ക്ക് കളി ജയിപ്പിക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കുക എന്നതായിരുന്നു ബാറ്റിംഗ് നിരക്ക് ചെയ്യാനുണ്ടായിരുന്നത്. ഇത്തവണ ഇംഗ്ലണ്ടില്‍ എനിക്ക് റണ്‍സ് കണ്ടെത്താനാകുന്നുവെങ്കില്‍ അതിന് ഞാന്‍ എന്റെ ഭാര്യയോടാണ് കടപ്പെട്ടിരിക്കുന്നത്. എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നതിന് അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു കൊഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ട്രെന്‍ഡ്ബ്രിഡ്ജ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 203 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 521 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം തുടക്കത്തില്‍ തന്നെ 317 റണ്‍സിന് പുറത്തായി. അഞ്ചു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-2 എന്ന നിലയിലാണ്. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.

അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് വെറും 2.5 ഓവര്‍ മാത്രമെ പിടിച്ച് നില്‍ക്കാനായുള്ളൂ. 11 റണ്‍സെടുത്ത ആന്‍ഡേഴ്‌സണെ രഹാനെയുടെ കൈകളിലെത്തിച്ച് അശ്വിന്‍ ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് തിരശീലയിട്ടു. ഇതോടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ ജയം ടീം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.

Top