ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.5 ശതമാനം വളര്‍ച്ച നേടുമെന്ന് എഡിബി

മുംബൈ: 2022 -23 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) 7.5 ശതമാനം വളര്‍ച്ച നേടുമെന്ന് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ (എ.ഡി.ബി.) അനുമാനം. തൊട്ടടുത്തവര്‍ഷം എട്ടുശതമാനം വരെ വളര്‍ച്ചയുണ്ടാകാമെന്നും എ.ഡി.ബി. വിലയിരുത്തുന്നു.

അതേസമയം, റഷ്യ – യുക്രൈന്‍ യുദ്ധം, കോവിഡ് വ്യാപനം, യു.എസ്. ഫെഡറല്‍ റിസര്‍വിന്റെ നിരക്കു വര്‍ധന തുടങ്ങിയവയെല്ലാം കടുത്തവെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും എ.ഡി.ബി. പറയുന്നു. ദക്ഷിണേഷ്യന്‍ സമ്പദ് വ്യവസ്ഥകളൊന്നാകെ 2022 – ല്‍ ഏഴുശതമാനവും 2023 – ല്‍ 7.4 ശതമാനവും വളര്‍ച്ചനേടുമെന്നും എ.ഡി.ബി. കണക്കാക്കുന്നു.

റഷ്യ – യുക്രൈന്‍ യുദ്ധം വളര്‍ന്നുവരുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കടുത്തവെല്ലുവിളിയാണ്. ഇതിനകം എണ്ണപോലുള്ള വസ്തുക്കളുടെ വിലക്കയറ്റം മിക്ക രാജ്യങ്ങളെയും പിടികൂടിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി അയഞ്ഞെങ്കിലും ആഘാതത്തില്‍നിന്ന് ഇനിയും പൂര്‍ണമായി കരകയറിയിട്ടില്ല. ചില രാജ്യങ്ങളില്‍ വീണ്ടുംവ്യാപനം തുടങ്ങിയത് ഭീഷണിയാണ്.

എങ്കിലും മിക്ക രാജ്യങ്ങളും അവരുടെ ഏറ്റവും മോശം സ്ഥിതിയില്‍നിന്ന് കരകയറി തുടങ്ങിയതായി എ.ഡി.ബി. ചീഫ് ഇക്കണോമിസ്റ്റ് ആല്‍ബെര്‍ട്ട് പാര്‍ക്ക് പറഞ്ഞു. ചൈനീസ് സമ്പദ് വ്യവസ്ഥ ഈ വര്‍ഷം അഞ്ചു ശതമാനവും അടുത്തവര്‍ഷം 4.8 ശതമാനവും വളര്‍ച്ച നേടുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Top