യുപിയിലെ ഘോസിയിൽ ബിജെപിയെ തോൽപ്പിച്ച് ‘ഇന്ത്യ’ മുന്നണി

ന്യൂഡൽഹി : പുതുപ്പള്ളിക്കൊപ്പം ഉപതിരഞ്ഞെടുപ്പു നടന്ന ഉത്തർപ്രദേശിലെ ഘോസിയിൽ 18 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സമാജ്‌വാദി പാർട്ടി സ്ഥാനാർഥി സുധാകർ സിങ് 22,000ൽ അധികം വോട്ടുകൾക്കു മുന്നിൽ. ഘോസിയിൽ ‘ഇന്ത്യ’ മുന്നണിയിലെ എല്ലാ കക്ഷികളും ചേർന്നു സമാജ്‌വാദി പാർട്ടി (എസ്പി) സ്ഥാനാർഥി സുധാകർ സിങ്ങിനു പിന്തുണ നൽകുകയായിരുന്നു. എസ്പി വിട്ടു ബിജെപിയിലേക്കു തിരിച്ചുപോയ ധാരാസിങ് ചൗഹാൻ രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. ധാരാസിങ്ങാണു ബിജെപി സ്ഥാനാർഥി.

ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. ബോക്സാനഗറിൽ ബിജെപി സ്ഥാനാർഥി തഫജൽ ഹുസൈൻ 30,237 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ധൻപുരിൽ ബിജെപി സ്ഥാനാർഥി ബിന്ദു ദേബ്നാഥ് 18,871 വോട്ടിനും ജയിച്ചു. പ്രതിപക്ഷ ഐക്യ മുന്നണി രൂപീകരണത്തിനു ശേഷം ബിജെപിയുമായി നേർക്കുനേരെത്തുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.

ത്രിപുരയിൽ കോൺഗ്രസ് പിന്തുണ സിപിഎം സ്ഥാനാർഥികൾക്കായിരുന്നു. ധൻപുരിൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സിപിഎമ്മിലെ കൗശിക് ദേബ്നാഥും ബിജെപിയുടെ ബിന്ദു ദേബ്നാഥും തമ്മിലായിരുന്നു മത്സരം. ആദിവാസി വോട്ടുകൾ നിർണായകമായ ഇവിടെ മികച്ച വിജയത്തോടെ ബിജെപി നിലനിർത്തി. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ ബോക്സാനഗറിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. അന്തരിച്ച എംഎൽഎ ഷംസുൽ ഹഖിന്റെ മകൻ മിസാൻ ഹുസൈനായിരുന്നു സിപിഎം സ്ഥാനാർഥി. ഇദ്ദേഹത്തെ ബിജെപിയുടെ തഫജൽ ഹുസൈൻ തോൽപിച്ചു.

ബിജെപിയും കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്ന ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ കോൺഗ്രസിന്റെ ബസന്ത് കുമാറിനെ ബിജെപിയുടെ പാർവതി ദാസ് തോൽപിച്ചു. അന്തരിച്ച ബിജെപി എംഎൽഎ ചന്ദൻ റാം ദാസിന്റെ ഭാര്യ പാർവതിയാണ് ബിജെപി സ്ഥാനാർഥി. ആം ആദ്മി പാർട്ടി വിട്ടെത്തിയ ബസന്ത് കുമാറാണ് കോൺഗ്രസിനായി മത്സരിച്ചത്. സമാജ്‌വാദി പാർട്ടിക്കും ഇവിടെ സ്ഥാനാർഥിയുണ്ട്.

ബംഗാളിലെ ധുപ്ഗുരിയിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി നിർമൽ ചന്ദ്രറോയി വിജയിച്ചു. നാലായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് തൃണമൂൽ സ്ഥാനാർഥിയുടെ വിജയം. ബിജെപി എംഎൽഎ ബിഷു പദറായ് മരിച്ച ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ്. കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ തപ്സി റോയ് ആയിരുന്നു ബിജെപി സ്ഥാനാർഥി. ഇവിടെ കോൺഗ്രസ്–സിപിഎം സഖ്യം ടിഎംസിയെയും ബിജെപിയെയും എതിർത്താണ് മത്സരിക്കുന്നത്. ചന്ദ്രറോയിയായിരുന്നു സിപിഎം സ്ഥാനാർഥി.

ജാർഖണ്ഡിലെ ഡുംറിയിൽ എൻഡിഎയിലെ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ സ്ഥാനാർഥി യശോദ ദേവിയെ ‘ഇന്ത്യ’ മുന്നണിയിലെ ജെഎംഎം സ്ഥാനാർഥി ബെബി ദേവി തോൽപിച്ചു. മുൻമന്ത്രി ജഗർനാഥ് മഹാതോ മരിച്ച ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Top