ലോകത്ത് ആത്മഹത്യ ചെയ്യുന്ന 10 സ്ത്രീകളിൽ നാലും ഇന്ത്യയിൽ നിന്നെന്ന് പഠനം

ന്യൂഡല്‍ഹി : ലോകത്തില്‍ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളില്‍ ഓരോ പത്തുപേരിലും നാലുപേര്‍ ഇന്ത്യാക്കാരാണെന്ന് പഠനം. ഇന്ത്യയിലെ ആത്മഹത്യാമരണങ്ങളും അവയുടെ ലിംഗപരമായ സൂചനകളും എന്ന ലാന്‍സറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഇന്ത്യയിലെ സ്ത്രീകളുടെ ആത്മഹത്യാനിരക്ക് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഗുരുതരമാംവിധം വര്‍ധിച്ചെന്ന് പഠനം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളില്‍ 71.2% പേരും 40 വയസില്‍ താഴെയുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. 1990ല്‍ 25.3 ശതമാനമായിരുന്നു ആഗോള ആത്മഹത്യാനിരക്കിലേക്ക് ഇന്ത്യയുടെ ‘സംഭാവന’. ഇത് 2016 ആയപ്പോഴേക്ക് 36.6 ശതമാനമായി ഉയര്‍ന്നു.

ലോക ജനസംഖ്യയുടെ 17.8 ശതമാനമാണ് ഇന്ത്യയുടെ ജനസംഖ്യാനിരക്ക്. അതായത് 130 കോടി ജനങ്ങള്‍. എന്നാല്‍, 2016ല്‍ ലോകത്തില്‍ ആകെയുണ്ടായ 2,57,624 സ്ത്രീ ആത്മഹത്യകളില്‍ 94,380 എണ്ണവും (അതായത് 36.6%) ഇന്ത്യയിലാണ് സംഭവിച്ചത്.

രാജ്യത്തെ പൊതുജനാരോഗ്യം അത്യന്തം അപകടകരമായ അവസ്ഥയിലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യക്കുറവ് ആത്മഹത്യകളിലേക്ക് മനുഷ്യരെ നയിക്കുന്നു.

ലിംഗവിവേചനമാണ് സ്ത്രീകളുടെ ആത്മഹത്യാനിരക്ക് വര്‍ധിക്കുന്നതിന് പിന്നിലെ കാരണമെന്നാണ് വിലയിരുത്തല്‍. കുടുംബത്തില്‍ നിന്നും പങ്കാളിയില്‍ നിന്നും ആവശ്യമായ പിന്തുണ ലഭിക്കാത്തതും കാരണമാണ്. സ്ത്രീകളുടെ കാര്യത്തില്‍ ഭരണകൂടത്തിന്റെ അങ്ങേയറ്റത്തെ അശ്രദ്ധയാണ് അവര്‍ക്കിടയില്‍ ആത്മഹത്യകള്‍ കൂടാന്‍ കാരണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Top