ഇന്ത്യ അടക്കം 60 വിദേശരാജ്യങ്ങളിലെ കറന്‍സി നോട്ടുകള്‍ ചൈന നിര്‍മ്മിക്കുന്നു

RUPEES

ബീജിംഗ്: ഇന്ത്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളുടെ നോട്ടുകള്‍ ചൈന അച്ചടിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയെ കൂടാതെ നേപ്പാള്‍, തായ്‌ലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ, ബ്രസീല്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ കറന്‍സികളാണ് ചൈനയില്‍ അച്ചടിക്കുന്നതെന്നാണ് സൗത്ത് ചൈന മോര്‍ണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാലിക്കാര്യത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂര്‍ എം.പി രംഗത്ത് വന്നിട്ടുണ്ട്. ദേശസുരക്ഷയെ ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണിതെന്ന് തരൂര്‍ പറഞ്ഞു. ചൈന ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിച്ചാല്‍, കള്ളനോട്ടുകള്‍ അച്ചടിക്കാന്‍ പാകിസ്ഥാന് അധികം പ്രയാസപ്പെടേണ്ടി വരില്ലെന്നും തരൂര്‍ ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടി.

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രിന്റിംഗ് ജോലികള്‍ പുറംപണി കരാറില്‍ നല്‍കാന്‍ ഡെന്മാര്‍ക്കിനെയാണ് പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കറന്‍സി നോട്ടുകള്‍ പരുത്തിയിലും, ലിനന്‍ ഫൈബറിലുമാണ് നിര്‍മ്മിക്കുന്നത്. വ്യാജ പതിപ്പ് ഉണ്ടാക്കാന്‍ കഴിയാത്ത വിധത്തില്‍ വാട്ടര്‍ മാര്‍ക്കോട് കൂടിയ ഉയര്‍ന്ന നിലവാരത്തിലാണ് നോട്ടുകള്‍ നിര്‍മ്മിക്കുന്നത്.

അടുത്ത കാലത്തൊന്നും ചൈന വിദേശ കറന്‍സികള്‍ നിര്‍മ്മിച്ചിട്ടില്ലെന്ന് ചൈനാ ബാങ്ക് നോട്ട് പ്രിന്റിംഗ് ആന്റ് മിന്റിംഗ് കോര്‍പ്പറേഷന്‍ പ്രസിഡന്റ് ലിയു ഗ്വിഷേംഗ് പറയുന്നു. പല പ്രിന്റിംഗ് പ്‌ളാന്റുകളിലും വന്‍കിട ഓര്‍ഡറുകള്‍ വരാന്‍ തുടങ്ങിയതോടെ ചൈനയിലെ ഏറ്റവും വലിയ കറന്‍സി പേപ്പര്‍ നിര്‍മ്മാണ മില്ലായ ഹൂബി പ്രവിശ്യയിലെ ബോഡിംഗില്‍ പണി വീണ്ടും ആരംഭിച്ചിട്ടുണ്ട്. സഹകരണ അടിസ്ഥാനത്തില്‍ ഇവിടെ 604 ഫാക്ടറികളാണ് പ്രവര്‍ത്തിക്കുന്നത്.

Top