പ്ലാസ്മ തെറാപ്പി വിജയം കണ്ടു; അത്യാസന്ന നിലയിലായ കൊവിഡ് രോഗം സുഖം പ്രാപിച്ചു

ന്യൂഡല്‍ഹി: കൊവിഡ് 19നെതിരെ പ്ലാസ്മ തെറാപ്പി പരീക്ഷിച്ച രോഗി സുഖംപ്രാപിച്ചു. ഏപ്രില്‍ 4ന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ച ഡല്‍ഹി സ്വദേശിയായ നാല്‍പ്പത്തിയൊമ്പതുകാരനാണ് പൂര്‍ണമായും രോഗമുക്തി നേടിയിരിക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ചയാണ് ഇയാളെ സാകേതിലെ മാക്‌സ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ചെറിയ രോഗലക്ഷണങ്ങളുമായാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വളരെ പെട്ടന്ന് തന്നെ ഇയാളുടെ അവസ്ഥ വഷളാവുകയായിരുന്നു. ഇതോടെ ഓക്‌സിജനടക്കമുള്ള സംവിധാനങ്ങള്‍ നല്‍കിയായിരുന്നു ഇയാളുടെ ചികിത്സ പുരോഗമിച്ചിരുന്നത്.

ഏപ്രില്‍ എട്ട് മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ഇയാളുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. രക്ഷപ്പെടാനുള്ള സാധ്യതകള്‍ വളരം കുറവാണെന്ന് കണ്ടതോടെയാണ് ഇയാളെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കാന്‍ കുടുംബം അനുവദിച്ചത്. കൊറോണ വൈറസിനെതിരായി പ്ലാസ്മ തെറാപ്പി ഇന്ത്യയില്‍ പരീക്ഷിക്കുന്ന ആദ്യ രോഗിയാണ് ഈ നാല്‍പ്പത്തിയൊമ്പതുകാരന്‍. തുടര്‍ച്ചയായ രണ്ട് കൊവിഡ് പരിശോധനകളില്‍ നെഗറ്റീവ് റിസല്‍ട്ട് ലഭിച്ച സ്ത്രീയുടെ പ്ലാസ്മ ഉപയോഗിച്ചായിരുന്നു പരീക്ഷണം. പ്ലാസ്മ ദാനം ചെയ്യുന്നതിന് മുന്‍പും ശേഷവും ഇവരെ കൊവിഡ് ടെസ്റ്റിന് വിധേയയാക്കിയിരുന്നു.

കൃത്രിമ ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കാനും ന്യൂമോണിയയിലും കാര്യമായ കുറവുണ്ടായ ശേഷം ഇയാള്‍ക്ക് നടത്തിയ കൊവിഡ് പരിശോധനകള്‍ തുടര്‍ച്ചയായി നെഗറ്റീവ് ആയിരുന്നു. ഡോ ഓമേന്ദര്‍ സിംഗ്, ഡോ ദേവന്‍ ജുനേജ, ഡോ സംഗീത പഥക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്ലാസ്മ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. കൊവിഡ് 19 ബാധയില്‍ നിന്ന് സൗഖ്യം നേടിയവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിക്കുന്ന ആന്റിബോഡി ഉപയോഗിച്ചുള്ള ചികിത്സയാണ് പ്ലാസ്മ തെറാപ്പി. 400 മില്ലി പ്ലാസ്മ ഒരാള്‍ക്ക് ദാനം ചെയ്യാനാവുമെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കുന്നത്. ഇതുപയോഗിച്ച് രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Top