India figures low at 133 in world media freedom

വാഷിങ്ടണ്‍: മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് 133ആം സ്ഥാനം. 180 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള പുതിയ പ്രസ്സ് ഫ്രീഡം ഇന്‍ഡെക്സിലാണ് ഇന്ത്യ ലജ്ജാകരമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

രാജ്യത്തെ മാധ്യമങ്ങള്‍ കടുത്ത സമ്മര്‍ദ്ദം അനുഭവിക്കുകയാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ഭീഷണികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിസ്സംഗ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇന്റര്‍നാഷണല്‍ വാച്ച്ഡോഗ് ആയ പ്രസ് ഫ്രീഡം ഇന്‍ഡെക്സില്‍ പറയുന്നു.

ഫിന്‍ലന്‍ഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നെതര്‍ലന്‍ഡ്സ് രണ്ടാം സ്ഥാനത്തും നോര്‍വ്വെ മൂന്നാം സ്ഥാനത്തുമാണ്. ഇത് തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ഫിന്‍ലന്‍ഡ് പ്രസ്സ് ഫ്രീഡം ഇന്‍ഡക്സ് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.

2015 ല്‍ 136 ആം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളും മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ്.

പാകിസ്ഥാന്‍ 147 ഉം ശ്രീലങ്ക 141 ഉം അഫ്ഗാനിസ്ഥാന്‍ 120 ഉം ബംഗ്ലാദേശ് 144 ഉം സ്ഥാനത്താണ്. അതേസമയം നേപ്പാള്‍ 105 ഉം ഭൂട്ടാന്‍ 94 ഉം സ്ഥാനങ്ങളിലുമുണ്ട്.

പാരീസ് ആസ്ഥാനമായുള്ള റിപ്പോര്‍ട്ടേഴ്സ് വിത്ത്ഔട്ട് ബോര്‍ഡേഴ്സ് ആണ് പ്രസ് ഫ്രീഡം ഇന്‍ഡെക്സ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നിരവധി മാധ്യമപ്രവര്‍ത്തകരും ബ്ലോഗര്‍മാരും വിവിധ മതസംഘടനകളുടെ ആക്രമണത്തിന് ഇരയായെന്നും രാജ്യത്ത് വളര്‍ന്നുവരുന്ന വലതുപക്ഷ തീവ്രവാദത്തിന്റെ തെളിവാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ വളരെ വൈകാരികമായി കാണുന്ന കാശ്മീര്‍ പോലുള്ള സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുക മാധ്യമ പ്രവര്‍ത്തകര്‍ക്ക് വളരെ ദുഷ്‌കരമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഭീഷണികളോടും ആക്രമണങ്ങളോടും മോദി നിസ്സംഗ സമീപനമാണ് സ്വീകരിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിന് യാതൊരു സംവിധാനവുമില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

രാജ്യത്തെ മാധ്യമ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനും അവര്‍ക്കെതിരായ അക്രമങ്ങളും ഭീഷണികളും തടയുന്നതിനും ദേശീയ തലത്തില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്ന് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

ആഗോളതലത്തില്‍ തന്നെ മാധ്യമസ്വാതന്ത്ര്യത്തിന് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരുകളില്‍ നിന്നുള്ള സമ്മര്‍ദ്ദവും ആശയങ്ങളും സ്വകാര്യ മേഖലയുടെ താത്പര്യങ്ങളും മാധ്യമ സ്വാതന്ത്ര്യത്തെ തകര്‍ക്കുന്നത്.

Top