പൊരുതി വീണ് ഇന്ത്യ; ഖത്തറിനെതിരെ ഇന്ത്യക്ക് ഒരു ഗോള്‍ തോല്‍വി

ഖത്തര്‍: ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഖത്തറിനെതിരെ ഇന്ത്യ പൊരുതി തോറ്റു. ഒരു ഗോളിനാണ് ഇന്ത്യയുടെ തോല്‍വി. 17ആം മിനുട്ടില്‍ രണ്ടാം മഞ്ഞ കാര്‍ഡിനൊപ്പം റെഡ് കാര്‍ഡും വഴങ്ങി രാഹുല്‍ ഭെകെ കളം വിട്ടതോടെ പത്തു പേരുമായി പൊരുതി നിന്ന ഇന്ത്യയെ ഒരു ഗോളിനാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്. 34ാം മിനുട്ടിലാണ് ഖത്തറിന്റെ ഗോള്‍ പിറക്കുന്നത്.

ക്ലോസ് റേഞ്ചില്‍ നിന്ന് അബ്ദുല്‍ അസീസ് ഹാതെം ആണ് ഖത്തറിന് ലീഡ് നല്‍കിയത്. രണ്ടാം പകുതിയിലും ഖത്തറിന്റെ ആധിപത്യമാണ് കണ്ടത്. ഇന്ത്യക്ക് ആഷിഖ് കുരുണിയന്‍ നല്ല അവസരം ഒരുക്കിയെങ്കിലും മുതലാക്കാനായില്ല. 44ാം മിനുട്ടില്‍ ഇന്ത്യക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഛേത്രി നല്‍കിയ പാസ് സ്വീകരിച്ച മന്‍വീറിന്റെ ഷോട്ട് ഖത്തര്‍ ഗോള്‍ കീപ്പര്‍ തടഞ്ഞു.

ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതും ഇന്ത്യയുടെ ഡിഫന്‍സീവ് ലൈനും കളിയില്‍ മികച്ചു നിന്നു. ആറ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 3 പോയിന്റ് മാത്രം നേടിയ ഇന്ത്യ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. 19 പോയിന്റുമായി ഖത്തര്‍ ഒന്നാമതും. ഏഴാം തീയതി അടുത്ത മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.

Top