ഇന്ത്യയുടെ ലോകകപ്പ് ഫാസ്റ്റ് ബൗളര്‍മാര്‍ ഐപിഎല്‍ കളിക്കരുത്; കൊഹ്‌ലി

ലോകകപ്പ് സാധ്യത ടീമിലെ പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ലോകകപ്പിനു പൂര്‍ണ്ണാരോഗ്യവാനായി ഇരിക്കുവാന്‍ ഐപിഎല്‍ 2019ല്‍ കളിക്കരുതെന്ന നിര്‍ദ്ദേശവുമായി വിരാട് കൊഹ്‌ലി. കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് മുന്നിലാണ് കൊഹ്‌ലി നിര്‍ദേശം അവതരിപ്പിച്ചത്.

ഇതിന്മേല്‍ അന്തിമ തീരുമാനമൊന്നും സിഒഎ എടുത്തിട്ടില്ലെങ്കിലും മേയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനു തൊട്ടു മുമ്പ്് മാത്രം അവസാനിക്കുന്ന ഐപിഎല്ലില്‍ ഇവര്‍ക്ക് വിശ്രമം അനുവദിക്കണമെന്നാണ് ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടത്.

ഇംഗ്ലണ്ടിലെയും ഇന്ത്യയുടെ മറ്റു വിദേശ പര്യടനങ്ങളിലെയും മോശം പ്രകടനങ്ങളുടെ കാരണം ചര്‍ച്ച ചെയ്യുവാനുള്ള മീറ്റിംഗിനിടയിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നതെന്നാണ് അറിയുന്നത്. ഈ ചര്‍ച്ചയില്‍ വിരാട് കൊഹ്‌ലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, കോച്ച് രവി ശാസ്ത്രി, അജിങ്ക്യ രഹാനെ എന്നിവര്‍ക്ക് പുറമേ സെലക്ടര്‍മാരുടെ ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദും പങ്കെടുത്തിരുന്നു.

Top