രാജ്യത്ത് ഒന്നിലധികം വെല്ലുവിളികള്‍, ഇത് മറികടക്കുന്നവന്‍ യഥാര്‍ത്ഥ വിജയി: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനൊപ്പം രാജ്യം ഒന്നിലധികം വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രതിസന്ധികളെ ഒരവസരമാക്കി മാറ്റാന്‍ പൗരന്‍മാര്‍ തീരുമാനിച്ചു. ഈ പ്രതിസന്ധികള്‍ക്കുള്ള മരുന്ന് ശക്തിയാണ്. വെല്ലുവിളികള്‍ മറികടക്കുന്നവരാണ് യഥാര്‍ഥ വിജയികളെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 95-ാമത് വാര്‍ഷിക പ്ലീനറി സെഷന്റെ ഉദ്ഘാടനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം മുഴുവന്‍ കോവിഡിനെ പ്രതിരോധിക്കുമ്പോള്‍ ഇന്ത്യയും പോരാടുന്നു. ചുഴലിക്കാറ്റ്, ഭൂമികുലുക്കം, വെട്ടുകിളി ആക്രമണം തുടങ്ങിയ പ്രതിസന്ധികളേയും നാം നേരിടുകയാണ്. വെല്ലുവിളികളെ നേരിടുന്നവരാകും പുതിയ കാലത്തെ നിര്‍ണയിക്കുക എന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഈ പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ രാജ്യത്തെ ഓരോ പൗരനും തീരുമാനിക്കണം. ഇത് രാജ്യത്തിന്റെ പ്രധാന വഴിത്തിരിവായിരിക്കണം. സ്വയംപര്യാപ്ത ഇന്ത്യ എന്നതാണ് ആ വഴിത്തിരിവ് എന്നും മോദി വ്യക്തമാക്കി.

പ്രാദേശിക ഉത്പാദന ബിസിനസുകള്‍ വികസിപ്പിക്കുന്നതില്‍ രാജ്യം ശ്രദ്ധിക്കേണ്ടതുണ്ട്. സ്വന്തം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുകയും അവയ്ക്ക് മറ്റു രാജ്യങ്ങളില്‍ മാര്‍ക്കറ്റ് ഉണ്ടാക്കുകയും വേണം.കോവിഡിനു ശേഷമുള്ള ലോകത്ത് ഇന്ത്യ ആത്മ നിര്‍ഭരമാകേണ്ടത് പ്രധാനമാണെന്നും പ്രാദേശിക ഉത്പാദനത്തിലും ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

ഈ സമയത്ത് നമ്മള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ‘കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോളില്‍’ നിന്ന് മാറ്റി ‘പ്ലഗ് ആന്‍ഡ് പ്ലേ’യിലേക്ക് കൊണ്ടുപോകണം. യാഥാസ്ഥിതിക സമീപനത്തിന്റെ സമയമല്ല ഇത്. ധീരമായ തീരുമാനങ്ങള്‍ക്കും ധീരമായ നിക്ഷേപത്തിനുമുള്ള സമയമാണിത്. ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമായ ആഭ്യന്തര വിതരണ ശൃംഖല തയ്യാറാക്കാനുള്ള സമയമാണിതെന്നും പ്രധാനമന്ത്രി വ്യക്താമാക്കി.

Top