അമേരിക്കയില്‍ നിന്ന് വ്യോമാക്രമണ ശേഷിയുള്ള ഡ്രോണുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ നിന്ന് വ്യോമാക്രമണ ശേഷിയുള്ള ഡ്രോണുകള്‍ വാങ്ങാനുള്ള പദ്ധതിയുമായി ഇന്ത്യ. അമേരിക്കന്‍ സൈന്യം നിലവില്‍ ഉപയോഗിക്കുന്ന മീഡിയം ആള്‍ട്ടിട്യൂഡ് ലോങ് എന്‍ഡുറന്‍സ് പ്രെഡേറ്റര്‍-ബി ഡ്രോണുകള്‍ വാങ്ങാനുള്ള താത്പര്യം അമേരിക്കയെ ഇന്ത്യ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉയര്‍ന്ന് പറന്ന് നിരീക്ഷണം നടത്താനും നിര്‍ദിഷ്ട ലക്ഷ്യം മിസൈല്‍ ഉപയോഗിച്ചോ ലേസര്‍ ഗൈഡഡ് ബോംബുപയോഗിച്ചോ തകര്‍ക്കാനുള്ള ശേഷി പ്രെഡേറ്റര്‍- ബി ഡ്രോണുകള്‍ക്കുണ്ട്. നിലവില്‍ ഇന്ത്യ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത് ഇസ്രായേല്‍ നിര്‍മിത ഹെറോണ്‍ ഡ്രോണുകളാണ്. സംഘര്‍ഷമുണ്ടായ കിഴക്കന്‍ ലഡാക്കില്‍ ഇവയെ ഉപയോഗിച്ചാണ് സൈന്യം ചൈനീസ് നീക്കങ്ങള്‍ മനസിലാക്കുന്നത്.

ഇപ്പോള്‍ ചൈനയെ ഉദ്ദേശിച്ച് കൂടി മാത്രമല്ല ഇന്ത്യ പ്രെഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാന്‍ ആലോചിക്കുന്നത്. ചൈനയുടെ പക്കല്‍ വിങ് ലൂങ്-2 എന്ന അറ്റാക് ഡ്രോണുകളുണ്ട്. ഇവയുടെ നാലെണ്ണം പാകിസ്ഥാന് വില്‍ക്കാന്‍ ചൈന തയ്യാറായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ അടിയന്തിര പ്രാധാന്യത്തോടെ അമേരിക്കന്‍ ഡ്രോണുകള്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നത്. ചൈനയുമായി സഹകരിച്ച് 48 ഡ്രോണുകള്‍ നിര്‍മിക്കാനും പാകിസ്ഥാന് പദ്ധതിയുണ്ട്.

അതേസമയം, ഇന്ത്യയ്ക്ക് 400 കോടി ഡോളറിന് 30 സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ നല്‍കാമെന്ന് അമേരിക്ക മുമ്പ് അറിയിച്ചിരുന്നു. പ്രെഡേറ്ററിനേപ്പോലെ തന്നെയാണെങ്കിലും ഇതിന് ആയുധം വഹിച്ച് ആക്രമണം നടത്താനുള്ള സംവിധാനങ്ങളില്ല. ഈയൊരു കാരണം കൊണ്ട് സീ ഗാര്‍ഡിയന്‍ വാങ്ങാന്‍ ഇന്ത്യ താത്പര്യപ്പെട്ടില്ല. നിരീക്ഷണത്തിന് മാത്രമല്ല ആക്രമണത്തിനും ഉപയോഗിക്കാമെന്നതിനാല്‍ പ്രെഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നതാകും ഉചിതമെന്നാണ് സുരക്ഷാ സമിതി വിലയിരുത്തിയത്.

ഇറാഖ്, അഫ്ഗാന്‍, സിറിയന്‍ യുദ്ധങ്ങളില്‍ അമേരിക്ക വ്യോമാക്രമണത്തിന് ഇവ ഉപയോഗിച്ചിരുന്നു. ഇവയുടെ പ്രഹരശേഷി അമേരിക്കന്‍ സൈന്യത്തിനെ വലിയതോതിലാണ് സഹായിച്ചത്. നാല് ഹെല്‍ ഫയര്‍ മിസൈലുകളും 500 പൗണ്ട് ഭാരം വരുന്ന രണ്ട് ലേസര്‍ ഗൈഡഡ് ബോംബുകളും വഹിക്കാന്‍ ഈ ഡ്രോണിന് ശേഷിയുണ്ട്.

എന്നാല്‍ ഇന്ത്യയ്ക്ക് ഡ്രോണ്‍ നല്‍കുന്നതില്‍ അതിന്റെ സാങ്കേതിക വിദ്യ റഷ്യയ്ക്ക് ചോര്‍ന്ന് കിട്ടുമോയെന്ന ഭയവും റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ സംവിധാനം വാങ്ങാന്‍ കരാര്‍ ഒപ്പിട്ടതിലും അമേരിക്കയ്ക്ക് അതൃപ്തിയുണ്ട്.

അതേസമയം, ഇന്ത്യ തദ്ദേശീയമായി സമാനമായ ഡ്രോണ്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നുണ്ട്. നോയിഡ ആസ്ഥാനമായ സ്വകാര്യ കമ്പനി ഇത്തരത്തിലൊന്ന് വികസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ലഡാക്കിലെ പര്‍വ്വതമേഖലകളില്‍ നടത്തിയ പരീക്ഷണ പറക്കലുകളില്‍ ടിബറ്റന്‍ പീഠഭൂമിയില്‍നിന്നുള്ള അതിശക്തമായ കാറ്റില്‍ ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നു എന്ന പ്രതിസന്ധിയും നിലനില്‍ക്കുന്നുണ്ട്.

Top