ആണവ ശക്തിയാണെന്ന പാക്ക് പൊങ്ങച്ചം വ്യോമാക്രമണത്തോടെ പൊളിഞ്ഞു: ജെയ്റ്റ്ലി

Arun Jaitley

ന്യൂഡല്‍ഹി: ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തോടെ പാക്കിസ്ഥാന്റെ ആണവ ശക്തിയെന്ന പൊങ്ങച്ചം പൊളിഞ്ഞെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഒരു വാര്‍ത്താ ചാനലില്‍ നടന്ന പരിപാടിക്കിടെയാണ് മന്ത്രി ഈ പരാമര്‍ശം നടത്തിയത്.

മുന്‍പ് രണ്ട് തവണയിലധികം ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. കൂടാതെ കാര്‍ഗിലിലും ഇരുസൈന്യവും ഏറ്റുമുട്ടി. ഇവയ്ക്കെല്ലാം ശേഷം ഇന്ത്യയുടെ സാമ്പത്തിക, സൈനിക ശക്തിയോട് നേരിട്ട് ഏറ്റുമുട്ടി ജയിക്കാനാവില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. പാക്ക് സൈന്യത്തിന് ഇനി രണ്ടുമാര്‍ഗം മാത്രമേ ബാക്കിയുള്ളു. ഒന്ന് ഭീകരരെ ഉപയോഗിച്ച് ഇന്ത്യയ്ക്കെതിരെ നിഴല്‍യുദ്ധം നടത്തുക, രണ്ടാമത് ആണവായുധം ഉണ്ടെന്ന് വീമ്പുപറഞ്ഞ് നടക്കുക. ആ പൊങ്ങച്ചമാണ് ബാലകോട്ട് ആക്രമണത്തോടെ തുറന്നുകാട്ടപ്പെട്ടതെന്നും ജയ്റ്റ്ലി പറഞ്ഞു.

പാക്കിസ്ഥാന്റെ നയം ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിട്ട് ആക്രമണങ്ങള്‍ നടത്തുകയെന്നതാണ്. അതിനെ പ്രതിരോധിക്കുക എന്നതാണ് ഇന്ത്യ സ്വീകരിച്ചിരുന്ന നിലപാട്. മോദിജി അതിന് ചെറിയ മാറ്റം വരുത്തി. ഭീകരരെ പ്രതിരോധിക്കുന്നതിനൊപ്പം അവരുടെ കേന്ദ്രങ്ങളില്‍ ചെന്ന് ആക്രമണം നടത്തുക എന്നതാണ് പുതിയ രീതി. 2016 ലെ മിന്നലാക്രമണമായിരുന്നു ഇതില്‍ ആദ്യത്തെ ചുവടുവെപ്പ്. രണ്ടാമത്തെ നടപടിയായിരുന്നു ബാലകോട്ടിലെ വ്യോമാക്രമണം. ഇന്ത്യയുടെ നടപടികള്‍ക്ക് ലോകരാജ്യങ്ങളുടെ പിന്തുണയുണ്ടെന്നും ജയ്റ്റ്ലി പറഞ്ഞു.

Top