ഇന്ത്യക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത; ഇറ്റാലിയന്‍ കപ്പലിടിച്ച് മത്സ്യതൊഴിലാളികള്‍ മരിച്ച കേസില്‍ വിധി

ന്യൂഡല്‍ഹി: 2012 ഫെബ്രുവരി 15ന് ഇറ്റലിയിലെ എന്റിക്ക ലെക്‌സി കപ്പല്‍ സെന്റ് ആന്റണീസ് എന്ന മത്സ്യ ബന്ധന ബോട്ടില്‍ ഇടിച്ച് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരണപ്പെടാന്‍ ഇടയാക്കിയ കേസില്‍ രാജ്യാന്തര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ വിധി പ്രഖ്യാപിച്ചു. വിധി അനുസരിച്ച് ഇന്ത്യക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.

ജീവഹാനി, ശാരീരികമായ ഉപദ്രവം, ബോട്ടിനുള്ള കേടുപാടുകള്‍, ധാര്‍മികമായ ക്ഷതം എന്നിവയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. ഇന്ത്യയും ഇറ്റലിയും പരസ്പ്പരം ചര്‍ച്ച നടത്തി നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കണം. രണ്ടു രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ ട്രൈബ്യൂണലിന്റെ റൂളിങ്ങിനായി സമീപിക്കാം.

2012ല്‍ ആണ് കേസിനാസ്പദമായ സംഭവം. ഒരു ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ കേരള തീരക്കടലിലൂടെ നീങ്ങുമ്പോള്‍ അതില്‍ കാവല്‍ ഡ്യൂട്ടിയിലായിരുന്ന ഇരുവരും നടത്തിയ വെടിവയ്പ്പില്‍ ഒരു മലയാളി ഉള്‍പ്പെടെ രണ്ടു മല്‍സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടുകയായിരുന്നു. കേസില്‍ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണിനെയും മസ്സിമിലാനോ ലത്തോറിനെയും 2012 ഫെബ്രുവരി 19ന് അറസ്റ്റു ചെയ്തു.

കേസിന്റെ വിചാരണയ്ക്കായി സുപ്രീം കോടതി, പ്രത്യേക കോടതിയെ നിയോഗിച്ചെങ്കിലും ട്രൈബ്യൂണലിന്റെ നിര്‍ദേശപ്രകാരം നടപടികള്‍ നിര്‍ത്തേണ്ടിവന്നു. ജാമ്യം അനുവദിച്ചെങ്കിലും പ്രതികള്‍ രാജ്യം വിടുന്നതു വിലക്കിയിരുന്നു. പിന്നീട്, ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്തു ലത്തോറിനെ ഇറ്റലിയിലേക്കു പോകാന്‍ കോടതി അനുവദിച്ചു. നാലുവര്‍ഷം ഇന്ത്യയില്‍ തടവില്‍ കഴിഞ്ഞിരുന്ന സല്‍വത്തോറെ ജിറോണ്‍ പിന്നീട് മോചിതനായി.

Top