ഇന്ത്യാ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ട്രെന്‍ഡ്ബ്രിഡ്ജില്‍ തുടക്കമാവും

നോട്ടിംഗ്ഹാം: ഇന്ത്യാ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ട്രെന്‍ഡ്ബ്രിഡ്ജില്‍ തുടക്കമാവും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 31 റണ്‍സിനും , രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 159 റണ്‍സിനും തോറ്റ് നാണംകെട്ട ഇന്ത്യക്ക് ഇനിയൊരു തോല്‍വികൂടി നേരിടാന്‍ സാധിക്കില്ല. രണ്ടാം ടെസ്റ്റില്‍ പൊരുതാതെ കീഴടങ്ങിയ ബാറ്റിംഗ് നിര സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയിലാണ്. ഓപ്പണിംഗില്‍ വീണ്ടും മാറ്റമുണ്ടായേക്കുമെന്ന് സൂചനയുണ്ട്. കെ എല്‍ രാഹുല്‍, ശീഖര്‍ ധവാന്‍, മുരളി വിജയ് എന്നിവരിലൊരാള്‍ ഇന്ന് കളിക്കാന്‍ സാധ്യതയില്ല.

മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പൂജാര തുടരും. പരിക്കുണ്ടെങ്കിലും നാലാമനായി കോലിയെത്തും. അഞ്ചാമനായി രഹാനെയും തന്നെയാവും ഇറക്കുന്നത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്താണ് മറ്റൊരു മാറ്റം പ്രതീക്ഷിക്കുന്നത്. ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്ത് അരങ്ങേറ്റം കുറിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ദിനേശ് കാര്‍ത്തിക്കിന് ഒരവസരം കൂടി നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയാറായേക്കില്ലെന്നാണ് സൂചന.

സ്പിന്നറായി അശ്വിന്‍ ടീമില്‍ തുടരുമ്പോള്‍ കുല്‍ദീപ് യാദവ് പുറത്തായേക്കും. ഹര്‍ദ്ദീക് പാണ്ഡ്യയും മുഹമ്മദ് ഷാമിയും ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബൂമ്രയും പേസ് ബൗളറായി ടീമിലെത്തുമെന്നാണ് സൂചന. ഇന്ത്യക്ക് ആരെ ഉള്‍പ്പെടുത്തണമെന്നാണ് തലവേദനയെങ്കില്‍ ഇംഗ്ലണ്ടിന് ആരെ ഒഴിവാക്കുമെമെന്നാണ് അലട്ടുന്നത്. ബെന്‍ സ്റ്റോക്‌സ് തിരിച്ചെത്തുമ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ കളിയിലെ കേമനായ ക്രിസ് വോക്‌സിനെ എവിടെ കളിപ്പിക്കുമെന്നതാണ് ഇംഗ്ലണ്ടിന്റെ മുന്നിലുള്ള പ്രശ്‌നം.

Top