ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മികച്ച താരം സാം കറനെന്ന് സച്ചിന്‍

ലണ്ടന്‍: ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മികച്ച താരത്തെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഈ പരമ്പരയിലെ മികച്ച കളിക്കാരന്‍ ഇംഗ്ലണ്ടിന്റെ യുവതാരം സാം കറന്‍ ആണെന്ന് സച്ചിന്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

593 റണ്‍സടിച്ച വിരാട് പരമ്പരയിലെ ടോപ് സ്‌കോററാണ്. പരമ്പരയില്‍ ഇംഗ്ലീഷ് ടീമിനെ അഭിനന്ദിച്ച സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന് ആശംസകള്‍ നേരുകയും ചെയ്തു. ഇതിനുശേഷമാണ് സാം കറനെ ഈ പരമ്പരയിലെ മികവുറ്റ താരവും ബുദ്ധിമാനായ കളിക്കാരനെന്നും സച്ചിന്‍ വിശേഷിപ്പിച്ചത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാടിനൊപ്പം പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സാം കറനായിരുന്നു. പരമ്പരയിലെ നാലു ടെസ്റ്റുകളില്‍ കളിച്ച കറന്‍ 273 റണ്‍സും, 11 വിക്കറ്റും നേടി. സ്‌കോര്‍ ഉയര്‍ത്താനുള്ള കഴിവാണ് കറനെ വ്യത്യസ്തനാക്കിയത്. അരങ്ങേറ്റ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 63 റണ്‍സടിച്ച കറന്‍ ആദ്യ ഇന്നിംഗ്‌സില്‍ നാലു നിര്‍ണായക വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് 31 റണ്‍സിന് ജയിച്ചപ്പോള്‍ കളിയിലെ കേമനായതും കറനായിരുന്നു.

Top