ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര; സച്ചിനെ മറികടന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ജോ റൂട്ട്

ഹൈദരാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ബാറ്റര്‍ ജോ റൂട്ട്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 60 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയാണ് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ റെക്കോര്‍ഡിനുടമയായത്. ഇന്ത്യയ്ക്കെതിരായ പരമ്പരകളില്‍ 2554 റണ്‍സാണ് ജോ റൂട്ട് നേടിയത്.

32 മത്സരങ്ങളില്‍ നിന്ന് 2535 റണ്‍സ് നേടിയ സച്ചിന്റെ പേരിലുള്ള റെക്കോര്‍ഡ് കേവലം 26-ാമത്തെ മത്സരത്തിലാണ് റൂട്ട് മറികടന്നത്. 2348 റണ്‍സുള്ള സുനില്‍ ഗവാസ്‌കറാണ് റെക്കോര്‍ഡില്‍ മൂന്നാമന്‍. 2431 റണ്‍സുമായി അലിസ്റ്റര്‍ കുക്ക് നാലാമതും 1991 റണ്‍സുമായി വിരാട് കോഹ്ലി അഞ്ചാമതുമുണ്ട്.

ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇറങ്ങുമ്പോള്‍ 25 മത്സരങ്ങളില്‍ നിന്ന് 2526 റണ്‍സായിരുന്നു റൂട്ടിന്റെ സമ്പാദ്യം. സച്ചിനെ മറികടക്കാന്‍ റൂട്ടിന് വെറും പത്ത് റണ്‍സ് മാത്രം എടുത്താല്‍ മതിയായിരുന്നു. മത്സരത്തിന്റെ 21-ാം ഓവറിലായിരുന്നു ഏറ്റവും കൂടുതല്‍ റണ്‍സെന്ന നാഴികക്കല്ല് റൂട്ട് മറികടന്നത്. ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 246 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

Top