ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്

ന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്. പുനെയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ജയിച്ചാല്‍ ടെസ്റ്റ്, ട്വന്റി 20 പരമ്പരകള്‍ക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തമാകും. അതേസമയം ഒപ്പമെത്തി പ്രതീക്ഷ നിലനിര്‍ത്താനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

ആദ്യ കളിയില്‍ ഇംഗ്ലണ്ടിനെ 66 റണ്‍സിന് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരം റിഷഭ് പന്തോ, സൂര്യകുമാര്‍ യാദവോ ടീമിലെത്തും. രോഹിത്, ധവാന്‍, കോലി, രാഹുല്‍ എന്നിവര്‍ക്കൊപ്പം പാണ്ഡ്യ സഹോദരമാര്‍ കൂടി ചേരുമ്പോള്‍ ബാറ്റിംഗ് നിര സുശക്തം. തുടക്കക്കാരന്‍ പ്രസിദ്ധ് കൃഷ്ണ പ്രതീക്ഷ കാത്തതോടെ ബൗളര്‍മാരുടെ പ്രകടനത്തില്‍ കോലിക്ക് ആശങ്കയുമില്ല.

ഒന്‍പതോവറില്‍ വിക്കറ്റില്ലാതെ 68 റണ്‍സ് വഴങ്ങിയ കുല്‍ദീപ് യാദവിനെ മാറ്റി യുസ്‌വേന്ദ്ര ചാഹലിന് അവസരം നല്‍കിയേക്കും.
ഇന്ത്യന്‍ പര്യടനത്തില്‍ ഒരു ട്രോഫിയെങ്കിലും നേടണമെങ്കില്‍ ഇംഗ്ലണ്ടിന് ജയം അനിവാര്യം. ഫീല്‍ഡിംഗിനിടെ പരിക്കേറ്റെങ്കിലും നായകന്‍ ഓയിന്‍ മോര്‍ഗനും സാം ബില്ലിംഗ്‌സും ടീമില്‍ തുടരുമെന്നാണ് പ്രതീക്ഷ.

ഇല്ലെങ്കില്‍ ഡേവിഡ് മലാനും ലയം ലിവിംഗ്സ്റ്റണും ടീമിലെത്തും. ജേസണ്‍ റോയി, ജോണി ബെയ്ര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍ എന്നിവര്‍ ക്രീസില്‍ നിലയുറപ്പിച്ചാല്‍ ഇന്ത്യന്‍ ബൗളിംഗിന്റെ മുനയൊടിയും.

 

Top