ഇന്ത്യ-ഇംഗ്ലണ്ട് 4-ാം ടെസ്റ്റിന് നാളെ തുടക്കം

അഹമ്മദാബാദ്:  ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനു വേണ്ടി കയ്യടിച്ച് ഒട്ടും ശീലമില്ല ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക്. പക്ഷേ നാളെ മൊട്ടേരയില്‍ ഇന്ത്യ-ഇംഗ്ലണ്ട് 4-ാം ടെസ്റ്റിന് തുടക്കമാകുമ്പോള്‍ ഓസീസ് ആരാധകര്‍ പ്രാര്‍ഥിക്കുന്നത് ആഷസ് പരമ്പരയിലെ ചിരവൈരികളായ ഇംഗ്ലിഷ് ടീമിന്റെ വിജയത്തിനു വേണ്ടിയാണ്.

ഇംഗ്ലണ്ട് ജയിച്ചാലേ ഓസ്‌ട്രേലിയയ്ക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിനു യോഗ്യത നേടാനാവൂ. മത്സരം സമനിലയായാല്‍ പോലും പരമ്പര ജയിച്ച് ഇന്ത്യ ഫൈനലില്‍ കടക്കും. ജൂണില്‍ ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനലിലേക്ക് ന്യൂസീലന്‍ഡ് നേരത്തേ യോഗ്യത നേടിക്കഴിഞ്ഞു.

പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1നു മുന്നിലാണ്. 4-ാം ടെസ്റ്റ് സമനിലയാക്കിയോ ജയിച്ചോ പരമ്പര നേടിയാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ എന്നതാണ് ഇന്ത്യയ്ക്കു മുന്നിലുള്ള സമവാക്യം. പരമ്പര സമനിലയായാല്‍ ഇന്ത്യയെ മറികടന്ന് ഓസ്‌ട്രേലിയ ഫൈനലിലെത്തും.

3-ാം ടെസ്റ്റിലെ 10 വിക്കറ്റ് തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ സാധ്യത അസ്തമിച്ചു കഴിഞ്ഞു. ”ഈ ടെസ്റ്റില്‍ ഞങ്ങള്‍ക്കൊരു താല്‍പര്യമുണ്ടെന്നത് സത്യമാണ്. ഇംഗ്ലണ്ട് കാര്യങ്ങളെല്ലാം നന്നായി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..”- ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡോണള്‍ഡ് പറഞ്ഞു. ട്വന്റി20 പരമ്പരയ്ക്കു വേണ്ടി ന്യൂസീലന്‍ഡിലാണ് ഓസ്‌ട്രേലിയന്‍ ടീം ഇപ്പോള്‍.

 

Top