ഇന്ത്യ – ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്;ഇംഗ്ലണ്ടിന് ലഞ്ചിന് പിരിഞ്ഞപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടം

ധരംശാല: ഇന്ത്യ – ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റില്‍ ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ലഞ്ചിന് പിരിഞ്ഞപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടം. ബെന്‍ ഡക്കറ്റിനെയും ഒലീ പോപ്പിനെയുമാണ് നഷ്ടമായത്. രണ്ട് വിക്കറ്റും കുല്‍ദീപ് യാദവിനാണ്. 25.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഓപ്പണര്‍ സാക് ക്രോലിയുടെ (71 പന്തില്‍ 61*) ഇന്നിങ്സ് ബലത്തിലാണ് ഇംഗ്ലണ്ട് നൂറ് തൊട്ടത്.

രവിചന്ദ്രന്‍ അശ്വിന്റെ നൂറാം ടെസ്റ്റാണിതെന്ന പ്രത്യേകത കൂടിയുണ്ട് ഇന്ത്യക്ക്. ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്റ്റോയ്ക്കും ഇത് നൂറാം ടെസ്റ്റാണ്. രണ്ടുപേരുടെയും നൂറാം ടെസ്റ്റ് കളറാക്കുക എന്നതായിരിക്കും ഇരുടീമുകളുടെയും ലക്ഷ്യം.ഹിമാചല്‍പ്രദേശിലെ ധരംശാല സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പര നേരത്തേ 3-1ന് സ്വന്തമാക്കിയ ഇന്ത്യ ആധിപത്യം ഉറപ്പിക്കാനാണ് ഇറങ്ങുക. ഇന്ത്യക്കുവേണ്ടി ദേവ്ദത്ത് പടിക്കല്‍ അരങ്ങേറ്റം കുറിക്കും. രജത് പാട്ടിദറിനു പകരക്കാരനായാണ് ദേവ്ദത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആകാശ് ദീപിന് പകരമായി ജസ്പ്രീത് ബുംറയെയും ഉള്‍പ്പെടുത്തി. ഇംഗ്ലണ്ട് നിരയില്‍ ഒലീ റോബിന്‍സനു പകരം മാര്‍ക്ക് വുഡ് തിരിച്ചെത്തുന്നു എന്ന ഏക മാറ്റമാണുള്ളത്.

ടീം സ്‌കോര്‍ 64-ല്‍ നില്‍ക്കേ ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ് ആദ്യം പുറത്തായത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കിയാണ് മടക്കം. 58 പന്തില്‍ 27 റണ്‍സെടുത്താണ് ബെന്‍ ഡക്കറ്റ് പുറത്തായത്. പിന്നാലെ ഒലീ പോപ്പിനെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിന്റെ കൈകളിലുമെത്തിച്ചു. ഓപ്പണര്‍ സാക് ക്രോലിയും (61) ആണ് ക്രീസില്‍.

Top