ഇന്ത്യ – ഇംഗ്ലണ്ട് അവസാന ടെസ്റ്റിന് ഇന്നു തുടക്കം

അഹമ്മദാബാദ്: മൊട്ടേരയിലെ പുതിയ സ്റ്റേഡിയത്തില്‍ ഇന്ന് അവസാന ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ആരാധകര്‍ക്ക് ഒരൊറ്റ പ്രാര്‍ഥനയേ ഉണ്ടാവൂ: ‘ഈ കളി 2 ദിവസം കൊണ്ടു തീരല്ലേ..’ 3-ാം ടെസ്റ്റില്‍, പിങ്ക് പന്തില്‍ കളിച്ചപ്പോള്‍ ‘പിച്ചിലെ ഭൂതം’ ഇരുടീമിലെയും ബാറ്റ്‌സ്മാന്‍മാരെ പിടികൂടിയെന്ന് മുന്‍താരങ്ങള്‍ ഉള്‍പ്പെടെ വിമര്‍ശിച്ചതിനാല്‍ ബിസിസിഐയ്ക്കും അഭിമാനപ്രശ്‌നമാണ് മത്സരം.

സ്പിന്‍ വിക്കറ്റ് തന്നെയാണു പ്രതീക്ഷിക്കുന്നതെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ക്കു കുറച്ചെങ്കിലും പിന്തുണ നല്‍കുന്ന വിക്കറ്റാകും മൊട്ടേരയില്‍ ഒരുക്കിയിരിക്കുന്നതെന്നാണു സൂചനകള്‍. പരമ്പരയില്‍ 2-1നു മുന്നിലാണ് ഇന്ത്യ. ഈ ടെസ്റ്റ് സമനിലയിലായാലും ഇന്ത്യയ്ക്കു പരമ്പര സ്വന്തമാക്കാം.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിനു യോഗ്യത നേടാന്‍ സമനില മതിയെങ്കിലും ഇന്ത്യ വിജയം തേടിയാകും കളത്തിലിറങ്ങുക. സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേലിനെയും ആര്‍.അശ്വിനെയും മുന്നില്‍ നിര്‍ത്തിയാകും ക്യാപ്റ്റന്‍ വിരാട് കോലി ഇംഗ്ലണ്ടിനെ നേരിടുക. ബാറ്റിങ് നിരയില്‍ നിന്നു മികച്ച പ്രകടനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

3-ാം ടെസ്റ്റില്‍ വന്‍ തോല്‍വി നേരിട്ടതിന്റെ ക്ഷീണമകറ്റാന്‍ ഒരു വിജയമെന്ന ലക്ഷ്യത്തോടെയാകും ഇംഗ്ലണ്ട് ഇറങ്ങുക. ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പിച്ചാല്‍ ഫൈനലിലേക്ക് ഓസ്‌ട്രേലിയയ്ക്കു വഴി തെളിയും

 

Top