ഇന്ത്യ-ഇംഗ്ലണ്ട് 1-ാം ട്വന്റി20 ഇന്ന്

അഹമ്മദാബാദ്: ഇന്ത്യ – ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയ്ക്ക് ഇന്നു തുടക്കമാകുമ്പോള്‍ ഇരുടീമുകളുടെയും മനസ്സില്‍ ഒറ്റലക്ഷ്യം മാത്രം ഒക്ടോബറിലെ ട്വന്റി20 ലോകകപ്പ്. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലെ ഓരോ കളിയും ജയിച്ച് ലോകകപ്പിനുള്ള ഒരുക്കം ഗംഭീരമാക്കാന്‍ വിരാട് കോലിയുടെ ഇന്ത്യയും ഒയിന്‍ മോര്‍ഗന്റെ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍. മത്സരം രാത്രി 7 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്സ്റ്റാറിലും തല്‍സമയം. മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും.

കഴിഞ്ഞ 15 ട്വന്റി20കളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ഇന്ത്യ തോറ്റിട്ടുള്ളൂ. ടീമിന് ആത്മവിശ്വാസം നല്‍കുന്ന ഘടകവും അതുതന്നെ. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്തു നില്‍ക്കുന്ന ടീമുകള്‍ തമ്മിലുള്ള പോരാട്ടമെന്ന പ്രത്യേകതയും ഇംഗ്ലണ്ട് – ഇന്ത്യ മത്സരത്തിനുണ്ട്. ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാര്‍ ഇംഗ്ലണ്ടാണ്. നേരിയ വ്യത്യാസത്തില്‍ ഇന്ത്യ രണ്ടാമതും.

ട്വന്റി20 ഫോര്‍മാറ്റിലെ കരുത്തുറ്റ സാന്നിധ്യങ്ങളായ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര തുടങ്ങിയവരില്ലെങ്കിലും, ഇന്ത്യയുടെ ആത്മവിശ്വാസത്തിന് കുറവില്ല. അവര്‍ക്കു പകരം നില്‍ക്കാന്‍ കെല്‍പ്പുള്ള യുവതാരങ്ങളുമായാണ് ഇന്ത്യയുടെ വരവെന്നത് തന്നെ കാരണം.

ടീം സിലക്ഷനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് തലവേദന സമ്മാനിക്കുന്നത്. ഇന്നു രോഹിത് ശര്‍മയ്‌ക്കൊപ്പം കെ.എല്‍.രാഹുല്‍ ഓപ്പണറാകുമെന്നാണു കോലി നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ ശിഖര്‍ ധവാന്‍ പുറത്തിരിക്കേണ്ടി വരും. ടെസ്റ്റ് പരമ്പരയില്‍ ഉജ്വല ഫോമിലായിരുന്ന യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും ടീമില്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഇനി നാലാം നമ്പര്‍ സ്ഥാനത്തിനായി ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും തമ്മിലാണ് പോരാട്ടം.

 

Top