India emerges as ‘key player’ in global space race: International media

വാഷിങ്ടന്‍: ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച ഐഎസ്ആര്‍ഒ യെ പ്രശംസിച്ച് രാജ്യാന്തര മാധ്യമങ്ങള്‍.

‘വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യാന്തര ബഹിരാകാശ വിപണന മേഖലയില്‍ ഇന്ത്യയ്ക്ക് മുഖ്യസ്ഥാനമാണു ഉള്ളത്’ എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ അറിയിച്ചത്.

കുറഞ്ഞ ചെലവില്‍ അനുയോജ്യമായി പരീക്ഷണം നടത്തുന്ന ഐഎസ്ആര്‍ഒയുടെ മറ്റൊരു വിജയമാണിതെന്ന് വാഷിങ്ടന്‍ പോസ്റ്റ് കുറിച്ചു.

104 ഉപഗ്രഹങ്ങള്‍ ഒറ്റ വിക്ഷേപണത്തില്‍ ഭ്രമണപഥത്തില്‍ എത്തിച്ച ഇന്ത്യയ്ക്ക് ബഹിരാകാശ വിപണന മേഖലയില്‍ മുഖ്യസ്ഥാനമാണുള്ളതെന്ന് ന്യൂയോര്‍ക്ക് ടൈംസ് കുറിച്ചു. മുന്‍പ് ഇന്ത്യ നടത്തിയ വിക്ഷേപണങ്ങളും ന്യൂയോര്‍ക്ക് ടൈംസ് ഓര്‍മപ്പെടുത്തി. വളരെ സങ്കീര്‍ണവും ഉത്തരവാദിത്തവുമുള്ള നീക്കമായിരുന്നു ഇന്ത്യ നടത്തിയതെന്നും പത്രം പറയുന്നു.

റഷ്യയെയും യുഎസിനെയും മറക്കാം. ബഹിരാകാശ രംഗത്തെ യഥാര്‍ഥ മല്‍സരം ഏഷ്യയിലാണ് എന്നാണ് സിഎന്‍എന്‍ പറഞ്ഞത്. ബഹിരാകാശ രംഗത്ത് മുന്നോട്ടു കുതിക്കണമെന്ന ഇന്ത്യയുടെ ദൃഢനിശ്ചയമാണ് കാണുന്നതെന്ന് ലണ്ടനിലെ ടൈംസ് പത്രം പറഞ്ഞു. ഇന്ത്യയുടെ പ്രധാനപ്പെട്ട പരീക്ഷണങ്ങള്‍ എല്ലാം റഷ്യ, യൂറോപ്പ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്കാള്‍ ചെലവ് കുറഞ്ഞ രീതിയില്‍ ആണെന്നും പത്രം വ്യക്തമാക്കി.

പുതിയ നടപടി, ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നതാണെന്ന് യുകെയിലെ ഗാര്‍ഡിയന്‍ പത്രം വ്യക്തമാക്കി. ബഹിരാകാശ വിപണന മാര്‍ക്കറ്റില്‍ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കുന്നതാണ് പുതിയ നീക്കമെന്ന് ബിബിസി പറയുന്നു. കുറഞ്ഞ ചെലവിലാണ് ഇന്ത്യയുടെ പരീക്ഷണങ്ങളെന്നത് വലിയ പ്രത്യേകതയാണെന്നും ബിബിസി പറയുന്നു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍നിന്നാണ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 37 റോക്കറ്റ് സെഞ്ചുറിക്കുതിപ്പ് നടത്തിയത്.

ലോകത്ത് ആദ്യമായാണു നൂറിലധികം ഉപഗ്രഹങ്ങള്‍ ഒരുമിച്ചു വിക്ഷേപിക്കുന്നത്. നേരത്തേ റഷ്യ 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു ബഹിരാകാശത്തേക്ക് അയച്ചിരുന്നു. യുഎസ് 29 എണ്ണവും വിക്ഷേപിച്ചിട്ടുണ്ട്.

Top