സൗഭാഗ്യ സ്‌കീം; എല്ലാവര്‍ക്കും വൈദ്യുതിയെന്ന കേന്ദ്രസര്‍ക്കാര്‍ സ്വപ്നം പാതി വഴിയില്‍

electricitrification

രാജ്യത്തെ എല്ലാവര്‍ക്കും വൈദ്യുതി എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സൗഭാഗ്യ സ്‌കീം പാതി വഴിയില്‍. 2019-തോടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍, അടുത്ത നാലു വര്‍ഷമെങ്കിലും പദ്ധതി പൂര്‍ത്തിയാക്കാന്‍ എടുക്കുമെന്നാണ് ഫാക്ട്‌ചെക്കര്‍ നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

രാജ്യത്തെ 230 ദശലക്ഷം പേര്‍ക്ക് ഇനിയും വൈദ്യുതി ലഭിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. 2022-ഓടെ മാത്രമെ രാജ്യത്തെ മുഴുവന്‍ വീടുകളിലും വൈദ്യുതിയെത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അഥവാ 2019-തോടെ രാജ്യത്ത് പൂര്‍ണ്ണ വൈദ്യുതികരണം നടത്തണമെങ്കില്‍ മാസം 2.9 ദശലക്ഷം വീടുകളില്ലെങ്കിലും വൈദ്യുതി എത്തിക്കണം.

രാജ്യത്തെ 78 ശതമാനം വീടുകളിലും വൈദ്യൂതീകരണം പൂര്‍ത്തിയാക്കിയെന്നാണ് വൈദ്യുത മന്ത്രി ആര്‍കെ സിംഗ് രാജ്യസഭയില്‍ പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി 6-നാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം, എണ്‍പതു ശതമാനം ഗ്രാമപ്രദേശങ്ങളിലുള്ള വൈദ്യൂതീകരണം 2018 ഫെബ്രുവരി 12-ഓടെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രധാനമന്ത്രി സഹജി ബിജിലി ഹര്‍ ഖര്‍ യോജന, അല്ലെങ്കില്‍ സൗഭാഗ്യ സ്‌കീം 2017 സെപ്തംബറിലാണ് നടപ്പിലാക്കി തുടങ്ങിയത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നാലു വര്‍ഷമെങ്കിലും ഉണ്ടായാല്‍ മാത്രമെ രാജ്യത്തെ മുഴുവന്‍ വീടുകളും വൈദ്യുതീകരിക്കാന്‍ സാധ്യമാകുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൗഭാഗ്യ പദ്ധതി നടപ്പില്‍ വന്ന് നാലു മാസത്തിനിടെ 2.6 ദശലക്ഷം വീടുകള്‍ വൈദ്യുതികരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ചൈന, ബ്രസീല്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഇന്ത്യയെ പിന്നിലാക്കി 2016-ഓടെ രാജ്യത്തെ മുഴുവന്‍ വീടുകളിലും വൈദ്യൂതീകരിക്കുന്നതില്‍ വിജയിച്ചിരുന്നു. 145 ദശലക്ഷം വീടുകളിലാണ് ഇന്ത്യയില്‍ ആകെ വൈദ്യൂതീകരണം പൂര്‍ത്തിയായിരിക്കുന്നത്.

സൗജന്യമായി വൈദ്യുതി നടപ്പില്‍ വരുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സൗഭാഗ്യ പദ്ധതി നടപ്പിലാക്കിയത്. 16,320 കോടി രൂപയാണ് പദ്ധതിക്കായി പ്രധാനമന്ത്രി വകയിരുത്തിയിരിക്കുന്നത്. ഏറ്റവും അടുത്ത വൈദ്യുതി കേന്ദ്രത്തില്‍ വൈദ്യുതി നല്‍കുക എന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഉത്തര്‍ പ്രദേശ്, ബീഹാര്‍ ഒഡീഷ എന്നിവിടങ്ങളിലെ ഗ്രാമീണ മേഖല ഇപ്പോഴും ഇരുട്ടില്‍ തന്നെയാണ്. വൈദ്യുതി ലഭിച്ച വീടുകളില്‍ കൃത്യമായി വൈദ്യുതി ലഭിക്കുന്നില്ലെന്നും പരാതികള്‍ ഉയരുന്നുണ്ട്.

ഒരു മാസം 209,992 വീടുകളാണ് വൈദ്യൂതീകരിക്കുന്നത്. അതായത്, ഒരു ദിവസം 6,774 വീടുകള്‍ പൂര്‍ത്തിയാക്കുന്നു. ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരമാണിത്. അങ്ങനെയാണെങ്കില്‍ രാജ്യത്തെ മുഴുവന്‍ വൈദ്യുതീകരണത്തിന് അടുത്ത പതിനാലു വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഒരു മാസം 1,852,594 വീടുകളെങ്കിലും പൂര്‍ത്തിയാക്കിയാല്‍ മാത്രമെ കേന്ദ്രത്തിന്റെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top