വ്യോമപാത നിഷേധിച്ച സംഭവം; അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കുമെന്ന് ഇന്ത്യ

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക്കിസ്ഥാന്‍ വീണ്ടും വ്യോമപാത നിഷേധിച്ചതില്‍ അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കുമെന്ന് ഇന്ത്യ. സൗദി സന്ദര്‍ശനത്തിനായി വ്യോമപാത ഉപയോഗിക്കുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷ പാകിസ്ഥാന്‍ നിരസിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ അന്താരാഷ്ട്ര സംഘടനയെ സമീപിക്കാനൊരുങ്ങുന്നത്.

വിവിഐപിമാരുടെ പ്രത്യേക വിമാനങ്ങള്‍ക്കുള്ള വ്യോമപാത അനുമതി വീണ്ടും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നിഷേധിച്ചതിനെ അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള അനുമതി ഏത് രാജ്യവും തടസ്സം കൂടാതെ നല്‍കി വരുന്നതാണെന്നും സര്‍ക്കാര്‍ പ്രതിനിധി ഫറഞ്ഞു.

യുദ്ധമൊഴികെയുള്ള സാഹചര്യങ്ങളില്‍ വ്യോമപാത അനുമതി നിഷേധിക്കുന്നത് അന്താരാഷ്ട്രവ്യോമയാന സംഘടനയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നും വിഷയം അന്താരാഷ്ട്ര വ്യോമയാന സംഘടനയെ അറിയിക്കുമെന്നും ഇന്ത്യ അറിയിച്ചു.

അന്താരാഷ്ട്ര ബിസിനസ് ഫോറത്തില്‍ പങ്കെടുക്കാനും റിയാദില്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനാണ് മോദിയുടെ സൗദി യാത്ര.

ഇത് മൂന്നാം തവണയാണ് ഇന്ത്യയിലെ പ്രമുഖ വ്യക്തികള്‍ക്ക് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നെയുമാണ് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാന്‍ ഇതിന് മുന്‍പ് പ്രകോപനം സൃഷ്ടിച്ചത്.

Top