‘ട്രംപുമായി മോദി ചൈന വിഷയം ചര്‍ച്ച ചെയ്തിട്ടില്ല’: വാദം തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തിത്തര്‍ക്കം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി അടുത്ത കാലത്ത് സംസാരിച്ചിട്ടില്ലെന്നും ഏപ്രില്‍ 4നാണ് ട്രംപുമായി മോദി അവസാനം സംസാരിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്ത്യ-ചൈന പ്രശ്‌നത്തില്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചെന്നും നിലവിലെ സാഹചര്യങ്ങളില്‍ അദ്ദേഹം അസ്വസ്ഥനാണെന്നുമാണ് വ്യാഴാഴ്ച വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ട്രംപിന്റെ ഈ അവകാശവാദമാണ് ഇന്ത്യയിപ്പോള്‍ പരോക്ഷമായി നിഷേധിച്ച് രംഗത്ത് വന്നിരിക്കുന്നത്.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മില്‍ അടുത്തിടെ ഒരു സംഭാഷണവും നടന്നിട്ടില്ല.ഏപ്രില്‍ 4, 2020-നാണ് ഏറ്റവുമൊടുവില്‍ ഇരുവരും സംസാരിച്ചത്. മലേറിയ പ്രതിരോധമരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിനുമായി ബന്ധപ്പെട്ടാണ് സംസാരിച്ചത്. ഡിപ്ലോമാറ്റിക് തലത്തിലൂടെ ഇന്ത്യ ചൈനയുമായി ചര്‍ച്ച നടത്തുന്നുണ്ട്”, എന്നാണ് വിദേശമന്ത്രാലയവൃത്തങ്ങളുടെ പ്രതികരണം.

വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതു പോലെ ചൈനയുമായി സൈനിക, നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനാണ് നീക്കമെന്നും വിദേശമന്ത്രാലയ അറിയിച്ചു.

Top