ചൈനീസ് ഭീഷണി നേരിടാൻ ലഡാക്കില്‍ ആകാശ് മിസൈലുകള്‍ വിന്യസിച്ച് ഇന്ത്യ

ലേ:കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി ഇന്ത്യ. ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ ആകാശ് മിസൈലുകള്‍ വിന്യസിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് വിമാനങ്ങള്‍ പറന്ന സംഭവത്തിന് ശേഷമാണ് ആകാശ് മിസൈലുകള്‍ ഇന്ത്യ കിഴക്കന്‍ ലഡാക്കില്‍ വിന്യസിച്ചത്.

ശത്രുവിന്റെ അതിവേഗം സഞ്ചരിക്കുന്ന യുദ്ധവിമാനങ്ങളേയും ഡ്രോണുകളേയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ക്കാന്‍ ശേഷിയുളളതാണ് ആകാശ് മിസൈലുകള്‍. ഉയര്‍ന്ന പര്‍വതപ്രദേശങ്ങളില്‍ വിന്യസിക്കുന്നതിന് അനുയോജ്യമായ രീതിയില്‍ പരിഷ്‌കരിച്ചതാണിത്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത മിസൈലുകള്‍ ടാങ്കില്‍ നിന്നോ ചക്ര ട്രക്കില്‍ നിന്നോ വെടിവയ്ക്കാവുന്നതുമാണ്.

ചൈനീസ് ഭാഗത്തു നിന്നു ഏതെങ്കിലും തരത്തിലുള്ള വ്യോമ ഭീഷണിയുണ്ടായാല്‍ നേരിടാന്‍ ലക്ഷ്യമിട്ടാണ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ലഡാക്കില്‍ വിന്യസിച്ചിരിക്കുന്നതെന്ന് വാര്‍ത്ത ഏജന്‍സി എഎന്‍ഐ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശത്രുവിമാനങ്ങളെയും ഡ്രോണുകളെയും കണ്ടെത്താനുളള റഡാര്‍ സംവിധാനങ്ങളും ഇന്ത്യ കിഴക്കന്‍ ലഡാക്കില്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടാതെ ഇന്ത്യന്‍ വ്യോമസേന സുഖോയ് -30 എംകെഐ, മിറാഷ് 2000, ജാഗ്വാര്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിലെ വിവിധ വ്യോമതാവളങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

അതേസമയം ചൈനീസ് വ്യോമസേന സിന്‍ജിയാങ്ങിലെ ഹോതാന്‍ വ്യോമതാവളത്തില്‍ അത്യാധുനിക പോര്‍വിമാനങ്ങള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ പ്രദേശത്തിനടുത്ത് ചൈനയുടെ സുഖോയ് -30 പറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Top