സാഫ് കപ്പിൽ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ; ഛേത്രിക്ക് ഹാട്രിക്ക്

ബെംഗളൂരു : ഇന്റർകോണ്ടിനന്റൽ കപ്പ് വിജയത്തിന്റെ പകിട്ടോടെ സാഫ് കപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാക്കിസ്ഥാനെ എതിരില്ലാത്തെ നാലു ഗോളിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഹാട്രിക് നേടിയ ക്യാപ്റ്റൻ സുനിൽ ഛേത്രി (10–ാം മിനിറ്റ്, 16, 74), ഉദാന്ത സിങ് (81–ാം മിനിറ്റ്) എന്നിവരാണ് ഇന്ത്യയുടെ ഗോൾവേട്ടക്കാർ. ജയത്തോടെ ഗ്രൂപ്പ് എയിൽ മൂന്നു പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഫിഫ റാങ്കിങ്ങിൽ 195–ാം സ്ഥാനത്താണ് പാക്കിസ്ഥാൻ. ഇന്ത്യ 101–ാമതും.

മത്സരത്തിന്റെ ആദ്യ മിനിറ്റ് തൊട്ട് പാക്കിസ്ഥാനെ ഇന്ത്യ കടന്നാക്രമിച്ചു. പത്താം മിനിറ്റില്‍ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ പാക്കിസ്ഥാന്റെ ഗോൾവല കുലുക്കി. പാക്ക് പ്രതിരോധതാരം ഇഖ്ബാലിന്റെ മൈനസ് പാസ് സ്വീകരിച്ച സാഖിബിനടുത്തേക്ക് സുനിൽ ഛേത്രി ഓടിയെത്തി. ഛേത്രിയെ മറികടന്നു പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച സാഖിബിന്റെ ശ്രമം പാളി. ഗോള്‍കീപ്പറുടെ കാലില്‍ നിന്ന് തെന്നിമാറിയ പന്ത് അനായാസം പിടിച്ചെടുത്ത ഛേത്രി ആളൊഴിഞ്ഞ പോസ്റ്റിലേക്ക് അടിച്ചു. ഇതോടെ ഇന്ത്യ 1-0 നു മുന്നിലെത്തി. 16–ാം മിനിറ്റിൽ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഛേത്രി ഇന്ത്യയുടെ ലീഡ് വർധിപ്പിച്ചു.

പിന്നാലെ ഇന്ത്യ ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. രണ്ടാം പകുതിയിലും ഇന്ത്യയ്ക്കു തന്നെയായിരുന്നു മേൽക്കൈ. 74-ാം മിനിറ്റില്‍ ഇന്ത്യയ്ക്ക് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. ഛേത്രിയെ പാക്ക് ഡിഫൻഡർ ബോക്‌സിനുള്ളിൽ വീഴ്ത്തിയതിനെത്തുടര്‍ന്നാണ് റഫറി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഛേത്രിയ്ക്ക് ഇത്തവണയും പിഴച്ചില്ല. ഇന്ത്യന്‍ ജഴ്സിയിൽ ഛേത്രി നേടുന്ന നാലാം ഹാട്രിക്കാണിത്. 81–ാം മിനിറ്റിൽ‌ ഉദാന്ത സിങ്ങും ലക്ഷ്യം കണ്ടതോടെ ഇന്ത്യ ജയം ഉറപ്പിച്ചു.

ഇതുവരെ നടന്ന 13 സാഫ് ചാംപ്യൻഷിപ്പുകളിൽ എട്ടിലും ചാംപ്യൻമാരായത് ഇന്ത്യയാണ്. 2021ൽ ഒടുവിൽ ചാംപ്യൻഷിപ് നടന്നപ്പോൾ ജയിച്ചതും ഇന്ത്യ തന്നെ. ഒൻപതാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ഇന്ത്യ ഇറങ്ങുന്നത്. ഇത്തവണ ഇന്ത്യയ്ക്ക് അത്ര അനായാസമാകില്ല കാര്യങ്ങൾ. ഭുവനേശ്വറിലെ ഇന്റർകോണ്ടിനന്റൽ കപ്പ് ഫൈനലിൽ ഇന്ത്യ തോൽപിച്ച ലബനനും ഗൾഫ് രാജ്യമായ കുവൈത്തും അതിഥി ടീമുകളായി ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

ഫിഫയുടെ വിലക്കുമൂലം മത്സരങ്ങളിൽ പങ്കെടുക്കാനാവാതെ 143–ാം സ്ഥാനത്തേക്കു വീണെങ്കിലും ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ് അവർ. ഇന്ത്യ, കുവൈത്ത്, നേപ്പാൾ, പാക്കിസ്ഥാൻ എന്നിവരാണ് എ ഗ്രൂപ്പിലുള്ളത്. ബി ഗ്രൂപ്പിൽ ലബനൻ, മാലദ്വീപ്, ഭൂട്ടാൻ, ബംഗ്ലദേശ് എന്നിവർ. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ സെമിഫൈനലിലെത്തും. ജൂലൈ നാലിനാണ് ഫൈനൽ.

Top