അമേരിക്കയിലടക്കം വിവിധ രാജ്യങ്ങളില്‍ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരം തന്നെ

ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നു. ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ലെന്നും തുല്യത ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശമാണെന്നും സുപ്രീംകോടതി പറഞ്ഞു. ഭരണഘടനയിലെ 497ാം വകുപ്പ് വിവേചനപരമാണെന്നാണ് ചീഫ് ജസ്റ്റിസ് വിധി പ്രസ്താവത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ വിഷയം നിരവധി വര്‍ഷങ്ങളായി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നതാണ്.

നിരവധി രാജ്യങ്ങളില്‍ വിവാഹേതര ബന്ധം സംബന്ധിച്ച് നിരവധി നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഫിലിപ്പീന്‍സില്‍ വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമാണ്. ഏഷ്യന്‍ രാജ്യമാണ് ഫിലിപ്പീന്‍സ്. കുടുംബ നിയമത്തിന് എതിരെയുള്ള വലിയ കുറ്റമായാണ് കണക്കാക്കുന്നത്. ഫിലിപ്പീന്‍സ് ശിക്ഷാ നിയമപ്രകാരം ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഭര്‍ത്താവിന് സാധിച്ചിട്ടുണ്ടെങ്കില്‍ ഭാര്യയ്ക്കും പങ്കാളിയ്ക്കും ആറ് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം. ഇനി, ഭര്‍ത്താവിനാണ് ഇത്തരത്തില്‍ ഒരു ബന്ധമുള്ളതെങ്കില്‍ അയാള്‍ക്ക് നാല് വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിക്കപ്പെടാം. എന്നാല്‍ അയാളുടെ നിയമവിരുദ്ധ പങ്കാളിയെ നാടു കടത്താനാണ് നിയമം അനുശാസിക്കുന്നത്.

ചൈനയില്‍, വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ല. എന്നാല്‍, വിവാഹമോചനം നേടാന്‍ ഇത് മതിയായ കാരണമാണ്. ചൈനീസ് വിവാഹ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 46 പ്രകാരം ഗാര്‍ഹിക പീഢനം, ഒന്നില്‍ കൂടുതല്‍ വിവാഹങ്ങള്‍ എന്നിവയുണ്ടെങ്കില്‍ വിവാഹ മോചനം നേടുന്ന പങ്കാളിയ്ക്ക് നഷ്ടപരിഹാരം നല്‍കാനും വ്യവസ്ഥയുണ്ട്.

സൗദി അറേബ്യ അടക്കമുള്ള മുസ്ലീം രാജ്യങ്ങളിലും സൊമാലിയയിലും കടുത്ത ശിക്ഷയാണ് വിവാഹേതര ബന്ധങ്ങള്‍ക്ക് നല്‍കുന്നത്. പിഴ, തടവ്, കഠിന തടവ്, തുടങ്ങി മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഈ രാജ്യങ്ങളില്‍ വിവാഹേതര ബന്ധം.

പാകിസ്ഥാനിലും വിവാഹേതര ബന്ധം കുറ്റകരമാണ്. സൗത്ത് കൊറിയയില്‍ 2015ലാണ് വിവാഹേതര ബന്ധം നിയമം വഴി ഒഴിവാക്കിയത്. പങ്കാളിയെ വഞ്ചിക്കുന്നത് ഇവിടെ മൂന്ന് വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ വ്യക്തിയുടെ സ്വകാര്യ ജീവിതത്തില്‍ കൈകടത്താന്‍ രാജ്യത്തിന് അവകാശമില്ലെന്നും നിയമം വ്യക്തമാക്കുന്നു. അതിനാല്‍, വഞ്ചനക്കുറ്റം എന്ന നിലയിലാണ് ഇവിടെ വിവാഹേതര ബന്ധത്തെ കണക്കാക്കുന്നത്.

തായവാനില്‍ വിവാഹത്തിന് പുറത്ത് ബന്ധമുണ്ടാകുന്നത് ഒരു വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ആണിനും പെണ്ണിനും ഒരുപോലെ ഇവിടെ ശിക്ഷ കിട്ടും. പിഴയും ഇരു കൂട്ടര്‍ക്കും ഒരുപോലെയാണ്. വിവാഹേതര ബന്ധമുള്ള ഭര്‍ത്താവ് മാപ്പപേക്ഷിച്ചാല്‍ ഭാര്യയ്ക്ക് അത് ക്ഷമിക്കാം. പക്ഷേ, തായ്വാനില്‍ അങ്ങനെ സംഭവിച്ചാല്‍ ഭാര്യയും നിയമ നടപടികള്‍ നേരിടേണ്ടി വരും.

അമേരിക്കയിലെ 20 സ്റ്റേറ്റ്‌സില്‍ വിവാഹേതര ബന്ധം കുറ്റകരമാണ്. എന്നാല്‍, വളരെ ചുരുക്കമായേ ഇവ കോടതികളില്‍ എത്താറുള്ളൂ. ക്രിമിനല്‍ നടപടികള്‍ക്ക് പകരം ഇവിടെ ജോലയില്‍ നിന്ന് പിരിച്ചു വിടുക, പിഴ തുടങ്ങിയ ശിക്ഷകളാണ് ലഭിക്കാറ്. യൂറോപ്യന്‍ രാജ്യങ്ങളിലും ആസ്‌ട്രേലിയയിലും വിവാഹേതര ബന്ധം നിയമവിരുദ്ധമല്ല.

Top