കണക്കു കൂട്ടലുകള്‍ തെറ്റി ; ചെലവ് ചുരുക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി:  പ്രതീക്ഷിച്ചതിലും താഴ്ന്ന നികുതി വരുമാനവും വളര്‍ച്ചാ മാന്ദ്യവും സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ക്ക് തിരിച്ചടിയായെന്ന് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങള്‍.

ജൂലൈയില്‍ രാജ്യത്തിന് ലഭിച്ച നികുതി വരുമാനം ഏകദേശം 7.8 ബില്യണ്‍ ഡോളറായിരുന്നു.  പ്രതിമാസ ലക്ഷ്യത്തിന്റെ പകുതിയേക്കാല്‍ അല്‍പ്പം കൂടുതല്‍ മാത്രമേ ഇതുള്ളൂ.

ഇതിനെ തുടര്‍ന്ന് റെയ്ല്‍വേ, ഹൈവേകള്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള ചെലവിടല്‍ ഇന്ത്യ കുറയ്ക്കും.

രാജ്യത്തെ ഏകീകൃത നികുതി സംവിധാനമായ ചരക്ക് സേവന നികുതി (ജിഎസ്ടി) ക്ക് കീഴിലേക്ക് നിരവധി സ്ഥാപനങ്ങള്‍ എത്തപ്പെടാത്തതാണ് ഇതിന് കാരണം.

കഴിഞ്ഞ പാദത്തില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയ സാമ്പത്തിക വളര്‍ച്ച വലിയ ഇടിവ് വരുമാനത്തില്‍ ഉണ്ടാക്കുമെന്നാണ് ധന മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ ചെലവുകളില്‍ പുനര്‍വിചിന്തനം നടത്തുന്നതിനായുള്ള സമ്മര്‍ദം സര്‍ക്കാരില്‍ ശക്തമാണ്.

നികുതി വെട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് വരുന്നതിനാല്‍ ആദായ നികുതി വരുമാനത്തില്‍ നേരിയ വര്‍ധനവുണ്ടായേക്കാമെന്നും, വരും മാസങ്ങളില്‍ ജിഎസ്ടി ശേഖരണം ഉയരുമെന്നും ധനമന്ത്രാലയം പ്രതീക്ഷിക്കുന്നുണ്ട്.

ചെലവിടല്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ലെങ്കില്‍ ധനക്കമ്മി ജിഡിപിയുടെ 3.5 ശതമാനമായി ഉയരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 3.2 ശതമാനമായി ധനക്കമ്മി പിടിച്ചു നിര്‍ത്തണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മാത്രമല്ല, ജിഎസ്ടിയിലേക്കുള്ള പരിവര്‍ത്തനം സൃഷ്ടിച്ച അനിശ്ചിതാവസ്ഥ പല മേഖലകളിലും മാറുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top