രണ്ടാം ഇന്നിങ്സ് 181 റൺസിന് ഡിക്ലയർ ചെയ്ത് ഇന്ത്യ; വിൻഡീസിന് ജയിക്കാൻ വേണ്ടത് 289

പോർട്ട് ഓഫ് സ്പെയി‍ൻ : വിൻഡീസിനെ പെട്ടെന്നു പുറത്താക്കുക, തകർത്തടിച്ച് വലിയ ലക്ഷ്യം മുന്നിൽ വയ്ക്കുക– ഇന്ത്യയുടെ തന്ത്രങ്ങളെല്ലാം രണ്ടാം ടെസ്റ്റിന്റെ 4–ാം ദിനം ഫലിച്ചു. ഒന്നാം ഇന്നിങ്സിൽ വിൻഡീസിനെ 255 റൺസിനു പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സ് 2ന് 181 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. വിൻഡീസിനു ജയിക്കാൻ ഇനി വേണ്ടത് 289 റൺസ്.

തകർത്തടിച്ച ക്യാപ്റ്റൻ രോഹിത് ശർമയും (44 പന്തിൽ 57) യശസ്വി ജയ്സ്വാളുമാണ് (30 പന്തിൽ 38) ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകിയത്. 5 ഫോറും 3 സിക്സുമായി അർധ സെഞ്ചറി തികച്ചതിനു പിന്നാലെ രോഹിത് പുറത്തായി. ലഞ്ചിനു ശേഷമുള്ള അടുത്ത ഓവറിൽ യശസ്വിയും മടങ്ങി. ഇഷൻ കിഷനും (34 പന്തിൽ 52*) ശുഭ്മൻ ഗില്ലും (37 പന്തിൽ 29*) പുറത്താകാതെ നിന്നു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ വിൻഡീസ് 32 ഓവറിൽ 2 വിക്കറ്റിന് 76 റൺസ് എന്ന നിലയിലാണ്.

ഒന്നാം ഇന്നിങ്സിൽ 255

നേരത്തേ 5ന് 229 എന്ന നിലയിൽ 4–ാം ദിനം ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടർന്ന വിൻഡീസിനെ ഇന്ത്യ വെറും 7.4 ഓവറിൽ പുറത്താക്കി. ആതിഥേയർക്കു നേടാനായത് 26 റൺസ് മാത്രം. ഇന്നലെ 4 വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജ് ഇന്നിങ്സിൽ 5 വിക്കറ്റ് തികച്ചു. മുകേഷ് കുമാർ, രവീന്ദ്ര ജഡേജ എന്നിവർ 2 വിക്കറ്റ് വീതം നേടി.

അലിക് അതനാസ് (37) മുകേഷ് കുമാറിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയതോടെ വിൻഡീസിന്റെ തകർച്ച തുടങ്ങി. പിന്നാലെ സിറാജിന്റെ ഉജ്വല സ്പെല്ലിനു മുന്നിൽ വാലറ്റം തകർന്നു വീണു. 23.4 ഓവറിൽ 6 മെയ്ഡൻ സഹിതം 60 റൺസ് വഴങ്ങിയാണ് സിറാജ് 5 വിക്കറ്റ് വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇതു രണ്ടാം തവണയാണ് സിറാജ് ഇന്നിങ്സിൽ 5 വിക്കറ്റ് നേട്ടം കൈവരിക്കുന്നത്.

Top