വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: ചൈനയിലെ വുഹാന്‍ അടക്കമുള്ള നഗരങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്രം. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഇതുസംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നല്‍കി.

പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിസയോ വര്‍ക്ക് പെര്‍മിറ്റോ പുതുക്കുന്നതിനുവേണ്ടി പാസ്‌പോര്‍ട്ട് ചൈനീസ് അധികൃതര്‍ക്ക് നല്‍കിയിട്ടുള്ളവരാണ് വിവരങ്ങള്‍ കൈമാറേണ്ടത്.

പാസ്‌പോര്‍ട്ട് കൈവശം ഇല്ലാത്തവര്‍ക്ക് വിവരങ്ങള്‍ അറിയിക്കാന്‍ പ്രത്യേക ഇ മെയില്‍ ഐ.ഡിയും തയ്യാറാക്കിയിട്ടുണ്ട്. എംബസിയുടെ മൂന്ന് ഹോട്ട്‌ലൈനുകള്‍ക്ക് പുറമെയാണിത്. ഭക്ഷണത്തിലും വെള്ളത്തിനും ബുദ്ധിമുട്ട് നേരിടുന്നവരും വിവരം അറിയിക്കണമെന്നും എംബസി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചൈനീസ് അധികൃതരുമായി ബന്ധപ്പെട്ട് ഭക്ഷണവും വെള്ളവും എത്തിക്കുമെന്നാണ് അധികൃതരുടെ വാഗ്ദാനം. വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തിരുന്നു.

Top