സഹായവുമായി ഇന്ത്യൻ പടകപ്പൽ, നന്ദി പറഞ്ഞ് മഡഗാസ്കർ പ്രധാനമന്ത്രി !

ന്യൂഡല്‍ഹി : കാലാവസ്ഥയെ പോലും അവഗണിച്ച് ആഞ്ഞടിച്ച ചുഴലി കൊടുങ്കാറ്റില്‍ നിന്നും മഡഗാസ്‌കറിനെ കരകയറ്റാന്‍ സഹായ ഹസ്തവുമായി ഇന്ത്യയെത്തി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള സാമഗ്രികളുമായി ഇന്ത്യ അയച്ച യുദ്ധകപ്പല്‍ ഐ.എന്‍.എസ് ഐരാവത് മഡഗാസ്‌കര്‍ തീരത്ത് നങ്കൂരമിട്ടു.

ദുരിതാശ്വാസത്തിനുള്ള സാധനങ്ങളുമായെത്തി നങ്കൂരമിട്ട ഇന്ത്യന്‍ കപ്പലിനെ മഡഗാസ്‌കര്‍ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു. ഇന്ത്യന്‍ അംബാസിഡറില്‍ നിന്നും സാധനങ്ങള്‍ കൈപ്പറ്റിയ അദ്ദേഹം ഇന്ത്യ കാത്തുസൂക്ഷിച്ച ഐക്യദാര്‍ഢ്യത്തിനും സാഹോദര്യത്തിനും നന്ദി എഴുതി നല്‍കുകയും ചെയ്തു.

ചുഴലികൊടുങ്കാറ്റ് തരിപ്പണമാക്കിയ ദ്വീപിനെ സഹായിക്കണമെന്ന് കഴിഞ്ഞ മാസം അവസാനമാണ് മഡഗാസ്‌കര്‍ പ്രസിഡന്റ് ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചത്.

ആപത്തില്‍പെട്ട മഡഗാസ്‌കറിന് സഹായവുമായി എത്തിയ ആദ്യ രാജ്യം ഇന്ത്യയാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

ഓപ്പറേഷന്‍ വാനില എന്ന പേരിലാണ് വാനിലയുടെ സ്വദേശവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രവുമായ മഡഗാസ്‌കറിലേക്ക് ഇന്ത്യന്‍ നേവി ഐ.എന്‍.എസ് ഐരാവതില്‍ രക്ഷാപ്രവര്‍ത്തനം ഒരുക്കിയത്.

മഡഗാസ്‌കര്‍ ദ്വീപിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച ചുഴലികാറ്റില്‍ മുപ്പത് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടമായത്. ആഞ്ഞടിച്ച ചുഴലിക്കാറ്റ് ഒരു ലക്ഷത്തോളം പേരുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

Top