ഇന്ത്യയില്‍ കോവിഡ് മരണം ആയിരം കടന്നു ! ഇന്നലെ മാത്രം മരിച്ചത് 74 പേര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1,007 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 74 പേരാണ് മരണപ്പെട്ടത്. ഒരു ദിവസം ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്.

31,332 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1897 പോസ്റ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 22,629 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 7,696 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 8,590 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 369 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് ഗുജറാത്തിലാണ്. 3,548 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.162 പേര്‍ മരണപ്പെടുകയും ചെയ്തു.

ഡല്‍ഹി- 3108,മധ്യപ്രദേശ് -2,368, രാജസ്ഥാന്‍- 2,262, ഉത്തര്‍പ്രപദേശ്- 2,043 തമിഴ്നാട് 1,937 എന്നിങ്ങനെ പോകുന്നു വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ച കേസുകള്‍.

മധ്യപ്രദേശ്- 113, ഡല്‍ഹി- 54, രാജസ്ഥാന്‍- 46 യുപി ആന്ധ്രപ്രദേശ്- 31 വീതം എന്നിങ്ങനെ പോകുന്നു വിവിധ സംസ്ഥാനങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം.

കേരളത്തില്‍ ഇതുവരെ 482 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് മൂന്ന് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ലോകത്താകമാനം 31.2ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ 2.17ലക്ഷം പേരാണ് ഇതുവരെ മരിച്ചത്.

Top