ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം

കറാച്ചി: സമീപ കാലത്തായി ലോക ക്രിക്കറ്റില്‍ ഏറ്റവും വലിയ ശക്തരാണ് ഇന്ത്യ. താരസമ്പന്നത കൊണ്ടും പ്രകടന മികവുകൊണ്ടും ഇന്ത്യ മുന്നില്‍ത്തന്നെയാണ്. പ്രതിഭാശാലികളായ യുവതാരങ്ങള്‍ ടീമിലുണ്ട്. അതിനാല്‍ത്തന്നെ ഏത് മൈതാനത്തും കളി ജയിക്കാന്‍ കെല്‍പ്പുള്ള മികച്ച നിരയായി ഇന്ത്യ മാറിക്കഴിഞ്ഞു. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിലാണുള്ളത്.

ഇപ്പോഴിതാ 2010ന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റാഷിദ് ലത്തീഫ്. ഇന്ത്യ വളര്‍ച്ച കൈവരിച്ചപ്പോള്‍ പാകിസ്താന്‍ ടീം തളരുകയാണ് ചെയ്തതെന്നാണ് റാഷിദ് അഭിപ്രായപ്പെട്ടത്.പാകിസ്താനുവേണ്ടി 37 ടെസ്റ്റില്‍ നിന്ന് 1381 റണ്‍സും 166 ഏകദിനത്തില്‍ നിന്ന് 1709 റണ്‍സും നേടിയിട്ടുള്ള താരമാണ് അദ്ദേഹം.

‘2010ന് ശേഷം പാകിസ്താന്‍ ടീം നിരാശപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ടീം വലിയ വളര്‍ച്ചയാണ് നേടിയത്.മികച്ച പരിശീലകരെ ഒരുക്കുന്നതില്‍ നമ്മള്‍ പരാജയപ്പെടുന്നു. യുവപ്രതിഭകളെ വളര്‍ത്തുന്നതില്‍ ഐപിഎല്ലിന് നിര്‍ണ്ണായക പങ്കുണ്ട്.വിദേശ പരിശീലകരും അവരുടെ വളര്‍ച്ചയ്ക്ക് വളരെ സഹായിച്ചു’-മൈ മാസ്റ്റര്‍ ക്രിക്കറ്റ് കോച്ച് എന്ന യുട്യൂബ് ചാനലിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു.

മുന്‍ താരങ്ങളെല്ലാം യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഇന്ത്യയെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘മുന്‍ താരങ്ങളും അതുപോലെ തന്നെ വിദേശ താരങ്ങളും ഇന്ത്യന്‍ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ സഹായിക്കുന്നുണ്ട്. അതാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രധാന വ്യത്യാസം. മുന്‍ പാകിസ്താന്‍ താരങ്ങളെ പരിശീലകരായി നിയമിക്കണം. പിഎസ്എല്ലില്‍ പാകിസ്താന്‍ താരങ്ങളെ പരിശീലകരാക്കാത്തത് വലിയ പ്രശ്‌നമാണ്’-റാഷിദ് ലത്തീഫ് പറഞ്ഞു.

 

Top