ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് കിരീടം ഇന്ത്യ ക്യാപിറ്റൽസിന്

ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് കിരീടം ഇന്ത്യ ക്യാപിറ്റൽസിന്. ഫൈനലിൽ ഭിൽവാര കിംഗ്സിനെ 104 റൺസിനു കീഴടക്കിയാണ് ഇന്ത്യ ക്യാപിറ്റൽസ് കിരീടം ചൂടിയത്. ഇന്ത്യ ക്യാപിറ്റൽസ് മുന്നോട്ടുവച്ച 212 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഭിൽവാര കിംഗ്സ് 18.2 ഓവറിൽ 107 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഒരു ഘട്ടത്തിൽ 4 വിക്കറ്റിന് 21 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യ ക്യാപിറ്റൽസിനെ റോസ് ടെയ്ലറുടെയും മിച്ചൽ ജോൺസണിൻ്റെയും വെടിക്കെട്ട് ബാറ്റിംഗാണ് കൂറ്റൻ സ്കോറിലെത്തിച്ചത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റൽസിന് മോശം തുടക്കമാണ് ലഭിച്ചത്. സ്പിന്നർമാരായ മോണ്ടി പനേസറും രാഹുൽ ശർമയും ചേർന്ന് കിംഗ്സിനായി ബൗളിംഗ് ഓപ്പൺ ചെയ്തപ്പോൾ ക്യാപിറ്റൽസ് 4 വിക്കറ്റിന് 21 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി. ഗൗതം ഗംഭീർ (8), ഹാമിൽട്ടൻ മസക്കാഡ്സ (1), ദിനേഷ് രാംദിൻ (0), ഡ്വെയിൻ സ്‌മിത്ത് (3) എന്നിവരൊക്കെ പെട്ടെന്ന് പുറത്തായി. അഞ്ചാം നമ്പറിൽ ടെയ്ലറും ആറാം നമ്പരിൽ സ്ഥാനക്കയറ്റം ലഭിച്ച് മിച്ചൽ ജോൺസണും എത്തിയതോടെ കളി മാറി. സാവധാനം മുന്നോട്ടുപോയിരുന്ന കളി ധമ്മിക പ്രസാദ് എറിഞ്ഞ എട്ടാം ഓവറിൽ ട്രാക്കിലെത്തി. ആ ഓവറിൽ പിറന്നത് 12 റൺസ്. എന്നാൽ, യൂസുഫ് പത്താൻ എറിഞ്ഞ 9ആം ഓവറിലാണ് കിംഗ്സ് കളിയിൽ നിന്ന് ഔട്ടായത്. ഓവറിൽ ടെയ്ലറുടെ ബാറ്റിൽ നിന്ന് 4 സിക്സറും ഒരു ബൗണ്ടറിയും സഹിതം പിറന്നത് 30 റൺസ്. 7 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന സ്കോർ 9 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 74 റൺസ്. പിന്നെ ക്യാപിറ്റൽസ് തിരിഞ്ഞുനോക്കിയില്ല. എറിഞ്ഞവർക്കെല്ലാം തല്ല് കിട്ടി. ഇതിനിടെ ക്യാച്ചുകൾ നിലത്തിട്ട് ഫീൽഡർമാർ ക്യാപിറ്റൽസിനെ സഹായിക്കുകയും ചെയ്തു.

Top