ഇന്ത്യയിലെ കൊവിഡ് വ്യാപനം; അന്താരാഷ്ട്ര സമൂഹത്തോട് സഹായമഭ്യര്‍ത്ഥിച്ച് യുനിസെഫ്

യുഎൻ: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയെ സഹായിക്കാൻ ലോക രാജ്യങ്ങള്‍ മുന്നോട്ട്‌ വരണമെന്ന് യുണിസെഫ്. ഇന്ത്യയിൽ കൊവിഡ് സാഹചര്യം മോശമാകുന്ന സാഹചര്യത്തിൽ ദുരന്തം ഒഴിവാക്കാനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുനിസെഫ് സൗത്ത് ഏഷ്യ റീജിയണൽ ഡയറക്ടർ ജോർജ്ജ് ലാരിയ-അഡ്‌ജെയ് പ്രസ്‌താവനയിൽ പറഞ്ഞു. സർക്കാരുകൾ എല്ലാ നടപടികളും സ്വീകരിക്കണമെന്നും അന്താരാഷ്ട്ര സമൂഹം കാലതാമസമില്ലാതെ നടപടി സ്വീകരിക്കണമെന്നും ലാരിയ-അഡ്‌ജെ പറഞ്ഞു.

യുണിസെഫ് രണ്ട് മില്യൺ ഫേസ്‌ഷീൽഡും 200,000ത്തോളം സർജിക്കൽ മാസ്‌ക്കുകളും  ഇന്ത്യയിലേക്ക്   അയച്ചിട്ടുണ്ട്. ഇന്ത്യയിലെ സാഹചര്യം നമുക്ക് ഓരോരുത്തർക്കും പാഠമാണെന്നും യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഹെൻറിയേറ്റ ഫോർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ലോകരാഷ്‌ട്രങ്ങൾ ഇന്ത്യയെ സഹായിക്കാൻ തയ്യാറായില്ലെങ്കിൽ പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്നും ഹെൻറിയേറ്റ കൂട്ടിച്ചേർത്തു. രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ പ്രതിദിനം നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.

Top