ഇന്ത്യയിലെ കൊറോണ വ്യാപനം; ദുരന്താവസ്ഥയെ പരിഹസിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി

ബെയ്ജിംഗ് : ഇന്ത്യയിലെ കൊറോണ ദുരന്തത്തെ പരിഹസിച്ച് ചൈനീസ് സമൂഹ മാധ്യമത്തില്‍ വിവാദ പോസ്റ്റ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉന്നതരുടെ നിയന്ത്രണത്തിലുളള വീബോ അക്കൗണ്ടിലൂടെയാണ് ഇന്ത്യയെ പരിഹസിച്ച് കൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് . ചൈന അടുത്തിടെ വിക്ഷേപിച്ച റോക്കറ്റിന്റെ ചിത്രവും ഇന്ത്യയില്‍ ചിത കത്തുന്ന ചിത്രവുമാണ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് സമൂഹമാദ്ധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ അക്കൗണ്ട് അധികൃതര്‍ പോസ്റ്റ് പിന്‍വലിച്ചു.

‘ചൈന തീ കത്തിക്കുന്നു, ഇന്ത്യയും കത്തിക്കുന്നു’ എന്ന കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ പൊളിറ്റിക്കല്‍ ആന്റ് ലീഗല്‍ അഫയേഴ്സ് കമ്മീഷന്റെ നിയന്ത്രണത്തിലുള്ള അക്കൗണ്ടിലാണ് പോസ്റ്റ് പ്രത്യക്ഷമായത്. 15 മില്യണ്‍ ഫോളോവേഴ്സാണ് ഈ അക്കൗണ്ടിനുള്ളത്.

തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഡോംഗ് മെന്‍ഗ്യു എന്ന ഗവേഷകന്‍ മാപ്പപേക്ഷിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. ഇന്ത്യക്കാരോട് താന്‍ മാപ്പപേക്ഷിക്കുന്നു എന്ന് ഡോംഗ് പറഞ്ഞു. വീബോ അക്കൗണ്ടിലൂടെ പുറത്ത് വന്ന ഫേസ്ബുക്ക് പോസ്റ്റ് തന്നെ പ്രതിനിധീകരിക്കുന്നില്ല. നാം ഒരേ ഗ്രഹത്തിലാണ് ജീവിക്കുന്നതെന്നും നിങ്ങളുടെ വിഷമം തങ്ങള്‍ക്ക് മനസിലാകുമെന്നും ഡോംഗ് ട്വിറ്ററില്‍ കുറിച്ചു.

2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്നാണ് കൊറോണ വൈറസ് വ്യാപിച്ചത്. ഇത് ലോകത്തെ എല്ലാ രാജ്യങ്ങളേയും രൂക്ഷമായി ബാധിക്കുകയും കോടിക്കണക്കിന് ആളുകള്‍ മരിച്ച് വീഴുകയും ചെയ്തു. രാജ്യത്ത് കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയെ പരിഹസിച്ചുകൊണ്ട് ചൈനയുടെ വിവാദ പോസ്റ്റ്.

 

 

Top