രാജ്യം മൂന്നാം തരംഗത്തിന്റെ പിടിയില്‍ ! അരലക്ഷം കടന്ന് കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 58,907 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 2135 ആയി.

കോവിഡ് മൂന്നാം തരംഗം രാജ്യത്ത് രൂക്ഷമാകുന്ന തരത്തിലാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നത്. സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് രാജ്യംകടന്നു പോകുന്നതെന്നും സംസ്ഥാനങ്ങള്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കി. പ്രതിവാര കേസുകള്‍ ഒന്നരലക്ഷം കടന്നു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി.

ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. വര്‍ധിക്കുന്ന ഒമിക്രോണ്‍ കേസുകളും ആശങ്ക ഇരട്ടിയാക്കുകയാണ്. 24 സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ട് ചെയ്ത 2135 കേസുകളില്‍ മഹാരാഷ്ട്രയില്‍ 653 , ഡല്‍ഹിയില്‍ 464 ,കേരളത്തില്‍ 185 , എന്നിങ്ങനെയാണ്. 828 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

ഡല്‍ഹിയില്‍ മൂന്നാം തരംഗമാണെന്നും, രോഗ വ്യാപനം രൂക്ഷമാകുന്നുണ്ടെന്നും ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനമായി ഉയര്‍ന്നതായും ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.

ഡല്‍ഹിക്കു പുറമേ കര്‍ണാടകയും ബീഹാറും വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കോവാക്‌സീന്‍ ഉല്‍പാദകരായ ഭാരത് ബയോടെക്കിനാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് നേസല്‍ വാക്‌സിന് പരീക്ഷണാനുമതി നല്‍കിയത്. കോവിഷീല്‍ഡും കോവാക്‌സീനും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയാണ് നല്‍കുക.

Top