രാജ്യത്ത് കൊവിഡ് ബാധിച്ച് 56 മരണം; ആകെ രോഗ ബാധിതരുടെ എണ്ണം 2,301 , ആശങ്ക !

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് 56 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് പുതുതായി 336 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 2,301 ആയി ഉയര്‍ന്നു. ഇതില്‍ 157 പേര്‍ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി ആശുപത്രി വിട്ടുവെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. 335 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.രണ്ടാമത് തമിഴ്‌നാടാണ്. ഇവിടെ 309 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 75 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ് ഇവിടെ ഇത്രയും കേസുകള്‍ ഉയരാന്‍ കാരണം. കേരളത്തില്‍ 286 പേര്‍ക്കും ഡല്‍ഹിയില്‍ 219 പേര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 16 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഗുജറാത്തില്‍ ഏഴ് പേരും മധ്യപ്രദേശില്‍ ആറ് പേരും പഞ്ചാബില്‍ നാല് പേരും കര്‍ണാടക,തെലങ്കാന,പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ക്ക് വീതവും ഡല്‍ഹിയില്‍ നാല് പേര്‍ക്കും ജമ്മു കശ്മീര്‍,ഉത്തര്‍പ്രദേശ്, കേരളം എന്നിവടങ്ങളില്‍ രണ്ട് പേരു വീതവും ആന്ധ്രാപ്രദേശ്, തമിഴ്നാട്, ബിഹാര്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒന്നു വീതുവുമാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍.

Top