കോവിഡ് ഭീതിയില്‍ രാജ്യം; 24 മണിക്കൂറിനുളളില്‍ 3,320 രോഗികൾ, ആശങ്ക !

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം അറുപതിനായിരത്തോട് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,320 പുതിയ കോവിഡ് പോസറ്റീവ് കേസുകളാണ്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 59,662 ആയി ഉയര്‍ന്നു.ഇതില്‍ 39,834 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

1,981 പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 95 കോവിഡ് മരണങ്ങളാണ്

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 60 ശതമാനവും മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, പുണെ, താനെ, ഇന്ദോര്‍, ചെന്നൈ, ജയ്പുര്‍ നഗരങ്ങളില്‍ നിന്നാണ്. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് 42 ശതമാനം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 19,000 കടന്നു. ഇന്നലെ മാത്രം 1,089 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 19,063 ആയി. കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത് 731 പേര്‍ക്കാണ്.

അതേസമയം കോവിഡിനെ പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രോഗപ്രതിരോധത്തിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. 216 ജില്ലകള്‍ ഇതിനോടകം കൊവിഡ് മുക്തമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Top