മറ്റു രാജ്യങ്ങളെ വച്ച് നോക്കുമ്പോള്‍ ഇന്ത്യയില്‍ കൊവിഡ് ശാന്തം; കണക്കുകള്‍ നിരത്തി കേന്ദ്രം

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ കൊവിഡ് പിടിച്ച് നിര്‍ത്താനായെന്ന് കേന്ദ്രസര്‍ക്കാരിന്റഎ വാദം. ഇന്ത്യയില്‍ 750 കേസില്‍ നിന്ന് 1500 കേസിലെത്താന്‍ വേണ്ടിവന്നത് നാല് ദിവസമാണ്. ഇത് അടുത്ത 4 ദിവസത്തില്‍ 3000 ആയി. 3000 ത്തില്‍ നിന്ന് 6000 ആകാന്‍ അഞ്ച് ദിവസമാണ് വേണ്ടിവന്നത്.

അതേസമയം 6000 ത്തില്‍ നിന്ന് 12000 ആകാന്‍ ആറുദിവസം എടുത്തു. അമേരിക്കയിലും ജര്‍മ്മനിയിലും ഇതിന് വേണ്ടി വന്നത് രണ്ട് ദിവസം മാത്രമാണ്. ഫ്രാന്‍സിലും സ്‌പെയിനിലും നാല് ദിവസവും. അതായത് സംഖ്യ പതിനായിരം കഴിയുമ്പോള്‍ ഇന്ത്യയില്‍ രോഗവ്യാപനത്തിന്റെ വേഗത കുറയുന്നു. പതിനായിരം കേസുകള്‍ കണ്ടെത്തിയ സമയത്ത് ഇന്ത്യയില്‍ നടന്നത് 2,17, 554 പരിശോധനകളാണ്.

അതേസമയം അമേരിക്കയില്‍ 10000 കേസ് സ്ഥിരീകരിച്ചപ്പോള്‍ 1,39,878 പരിശോധനകള്‍ മാത്രമാണ് നടന്നിരുന്നത്. ഇറ്റലിയില്‍ 73,154 പേരുടെ പരിശോധന മാത്രം നടന്നപ്പോഴാണ് 10,000 കൊവിഡ് കേസുണ്ടെന്ന് സ്ഥിരീകരിച്ചത്. അതായത് പരിശോധന കൂടുതല്‍ നടന്നാലേ കേസുകള്‍ കൂടു എന്ന വാദം ശരിയല്ലെന്നും ഇന്ത്യ ഈ ഘട്ടത്തില്‍ ആവശ്യത്തിന് ടെസ്റ്റ് നടത്തുന്നു എന്നും വ്യക്തമാക്കുന്ന കണക്കുകള്‍ നിരത്തിയാണ് കേന്ദ്രത്തിന്റെ ഈ വാദം.

ഇന്ത്യയില്‍ ഓരോ പത്തുലക്ഷത്തിലും കൊവിഡ് രോഗികള്‍ 9 പേര്‍ മാത്രമാണ്. എന്നാല്‍ അമേരിക്കയിലിത് 1946 ഉം സ്‌പെയിനില്‍ 3846 ഉം. ഓരോ പത്തു ലക്ഷത്തിലും 86 പേര്‍ എന്നതാണ് അമേരിക്കയിലെ മരണ നിരക്ക്. സ്‌പെയിനില്‍ 402ഉം ഇറ്റലിയില്‍ 386ഉം. ഇന്ത്യയില്‍ മൂന്ന് മാത്രം.

അമേരിക്കയില്‍ പരിശോധിച്ചവരില്‍ 19.8 ശതമാനം പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഫ്രാന്‍സില്‍ ഇത് 41.8 ശതമാനമാണ്. ഇന്ത്യയില്‍ 4.7 ശതമാനവും. പരിശോധനയുടെ കണക്കില്‍ മുന്നില്‍ നില്ക്കുന്ന ജര്‍മ്മനിയില്‍ ആകെ ടെസ്റ്റ് ചെയ്തവരില്‍ പത്തു ശതമാനത്തിന് മാത്രമാണ് രോഗ ബാധ. പരിശോധന കൂടിയാല്‍ രോഗികളുടെ എണ്ണം കൂടും എന്ന വാദം ജര്‍മ്മനിയിലെ ഈ കണക്ക് ഖണ്ഡിക്കുന്നതായി കേന്ദ്രം വ്യക്തമാക്കുന്നു.

Top