സോളാര്‍ പാനല്‍; ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഇന്ത്യ 1 മില്യണ്‍ ഡോളര്‍ നല്‍കി

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സംഘടനയുടെ സോളാര്‍ പാനല്‍ പദ്ധതിയ്ക്ക് ഇന്ത്യ ഒരു മില്യണ്‍ ഡോളര്‍ നല്‍കി. കാര്‍ബണ്‍ അളവ് കുറയ്ക്കാനും സുസ്ഥിര ഊര്‍ജ്ജ സംവിധാനം സാധ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്ന് ഇന്ത്യയുടെ യുഎന്‍ അംബാസിഡര്‍ സെയ്ദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.

ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കണമെന്ന ആഹ്വാനത്തിനോടുള്ള ആദ്യ പ്രതികരണമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎന്‍ ആസ്ഥാനത്തിന്റെ മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യ 1 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കിയിരിക്കുന്നത്.

ലോക പരിസ്ഥിതി ദിനത്തില്‍ അക്ബറുദ്ദീന്‍ ഇന്ത്യയുടെ പരിസ്ഥിതി പദ്ധതികളെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. യു.എന്‍ ആസ്ഥാനത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതാണ് അതിന്റെ ആദ്യഘട്ടം.

കേരളത്തിലെ പ്രളയവും കാലിഫോര്‍ണിയയില്‍ നിരന്തരമുണ്ടാകുന്ന തീപിടുത്തങ്ങളും അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കിയിരുന്നു.

മനുഷ്യരേക്കാള്‍ വേഗത്തിലാണ് പ്രകൃതിയെന്നും അടിയന്തര ഇടപെടലുകള്‍ വേണമെന്നാണ് അടുത്തിടെയുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ സൂചന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിനാളുകളാണ് പ്രകൃതി ദുരന്തത്തില്‍ കഴിഞ്ഞ വര്‍ഷം മരിച്ചത്. 320 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്നും ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള തലത്തില്‍ ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇന്ത്യ തന്നെ ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങുന്നത്. കേരളത്തിലെ പ്രളയമുള്‍പ്പെടെ രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ച പ്രകൃതി ദുരന്തങ്ങളാണ് ഈ വര്‍ഷം ഇന്ത്യയില്‍ നടന്നത്. പ്രളയത്തിന് തൊട്ടു പിന്നാലെ മഹാരാഷ്ട്രയിലടക്കം കുടിവെള്ള ക്ഷാമം അതി രൂക്ഷമാകുന്നുണ്ട്. ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ എത്രയും വേഗം നടപ്പിലാക്കണമെന്നും നിലവില്‍ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Top